അംഗങ്ങള്‍ക്ക് അന്ത്യശാസനം നല്‍കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി: ‘മതവിശ്വാസികള്‍ പാര്‍ട്ടിക്ക് പുറത്ത്’

single-img
19 July 2017

ബെയ്ജിംഗ്: വിശ്വാസവുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് അന്ത്യശാസനം നല്‍കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മതവിശ്വാസങ്ങള്‍ കൈയൊഴിഞ്ഞ് അംഗങ്ങള്‍ പൂര്‍ണമായും നിരീശ്വരവാദികളാവണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടി നേരിടുവാന്‍ തയ്യാറാവണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു.

പാര്‍ട്ടി അംഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള മതവിശ്വാസങ്ങളും പാടില്ല. എല്ലാ അംഗങ്ങള്‍ക്കുമുള്ള അന്ത്യശാസനയാണിതെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക മാസികയിലെഴുതിയ ലേഖനത്തില്‍ ചൈനയുടെ മതകാര്യ വകുപ്പ് മേധാവി വാംഗ് സോന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക നയം തന്നെയാണ് വാംഗ് സോന്റെ വാക്കുകള്‍ എന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘പാര്‍ട്ടി അംഗങ്ങള്‍ മാര്‍ക്‌സിയന്‍ നിരീശ്വരവാദത്തെയാണ് പിന്തുടരേണ്ടത്. മതങ്ങള്‍ക്ക് പകരം അവര്‍ പാര്‍ട്ടി നയങ്ങളെ വിശ്വസിക്കുകയും അത് നെഞ്ചേറ്റുകയും വേണം. ചില വിദേശശക്തികള്‍ മതങ്ങളെ ഉപയോഗിച്ച് ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.

മതങ്ങളെ ഉത്തേജിപ്പിക്കുക വഴി മതതീവ്രവാദവും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനുള്ള വഴിയാണ് നടക്കുന്നത്. രാജ്യസുരക്ഷയ്ക്കും സാമൂഹ്യസ്ഥിരതയ്ക്കും വലിയ വെല്ലുവിളിയാണ് ഇത് സൃഷ്ടിക്കുന്നതെന്നും’ മതങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് വാംഗ് സോന്‍ അഭിപ്രായപ്പെട്ടു.

മതപരമായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ ചൈനീസ് ഭരണഘടന പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്. പക്ഷേ മതവിശ്വാസികളോട് പൊതുവെ സഹിഷ്ണുത വച്ചു പുലര്‍ത്തുന്നുവെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്ക് മതവിശ്വാസങ്ങള്‍ ഉണ്ടാവുന്നതില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടുത്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകളിലും മതസംഘടനകളിലും സജീവമായ അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്.

പാര്‍ട്ടി അംഗങ്ങളില്‍ വര്‍ധിച്ചു വരുന്ന മതവിശ്വാസം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയതോടെയാണ് ഇത്ര കര്‍ശനമായ നിലപാടിലേക്ക് പാര്‍ട്ടി വന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മതങ്ങളെ വിശ്വസിക്കുന്നത് വഴി വൈരുധ്യാത്മിക ഭൗതികവാദം എന്ന പാര്‍ട്ടിനയത്തെയാണ് അംഗങ്ങള്‍ തള്ളിക്കളയുന്നതെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്.