‘ദിലീപ് പുറത്തിറങ്ങില്ല’: ‘അഴിക്കുള്ളില്‍ തന്നെ പൂട്ടാന്‍ ശക്തമായ തെളിവുകള്‍’

single-img
19 July 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം തടയാന്‍ തക്ക ശക്തമായ തെളിവുകളുണ്ടെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. “അന്വേഷണ സംഘത്തിന്റെ കൈവശമിരിക്കുന്ന കാര്യമാണ്. അതില്‍ കൂടുതല്‍ പറയാന്‍ കഴിയില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തെളിവുകള്‍ ലഭിച്ചതുകൊണ്ടാണല്ലോ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണം തീരുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും” എസ്.പി ഒരു മാധ്യമത്തോട് പറഞ്ഞു.

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കുകയാണ്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.കെ.രാംകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും മുദ്രവച്ച കേസ് ഡയറിയിലും ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പോലീസ് നല്‍കിയിരുന്നു. കൂടുതല്‍ ദിവസങ്ങള്‍ ലഭിച്ചതോടെ പുതിയ മൊഴികളുടെ കൂടി അടിസ്ഥാനത്തില്‍ കൂടുതല്‍ ശക്തമായ തെളിവുമായായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ എത്തുക

നടിയെ ആക്രമിച്ച കേസിന് പുറമേ ഭൂമി കയ്യേറിയ കേസിലും ദിലീപിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. വാങ്ങിയശേഷം മറിച്ചുവിറ്റ കുമരകത്തെ ഭൂമിയിടപാടില്‍ കോട്ടയം ജില്ല ഭരണകൂടത്തിന്റെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറിയായിരുന്നു വില്‍പനയെന്ന് ആരോപണം ഉയര്‍ന്നതോടെ ഇത് അന്വേഷിക്കാന്‍ റവന്യൂമന്ത്രി  കോട്ടയം ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ജില്ല കലക്ടര്‍ വിളിച്ചുചേര്‍ത്തു.