സിനിമാ ഷൂട്ടിങ് കര്‍ശന നിരീക്ഷണത്തില്‍: കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സിനിമകളുടെ സാമ്പത്തികസ്രോതസ് പരിശോധിക്കും

single-img
19 July 2017

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ സാമ്പത്തിക ഇടപാടുകളുടെ അന്വേഷണം സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേയ്ക്കും. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നും ഹവാല റാക്കറ്റുകള്‍ വഴി കോടിക്കണക്കിന് രൂപ മലയാള സിനിമയിലേക്ക് ഒഴുകിയെത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

മലയാളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മിച്ച മുഴുവന്‍ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താന്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മലയാളത്തിലെ മുഴുവന്‍ സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളും കര്‍ശന നിരീക്ഷണത്തിലാണിപ്പോള്‍. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയയായ പള്‍സര്‍ സുനി ഹവാല റാക്കറ്റിന്റെ കണ്ണിയാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹവാല റാക്കറ്റിന്റെ കണ്ണിയായ ഇയാള്‍ സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കുഴല്‍പ്പണം എത്തിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്നതായും അന്വേഷണസംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

അതേസമയം നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയാറാക്കി. ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ മറ്റു പലരുടെയും ബിനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു തുടങ്ങി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍, മാര്‍ച്ച് പകുതിയോടെ ദിലീപിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഒരു അക്കൗണ്ടില്‍ നിന്നും വന്‍തുക ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

നടിയെ ഉപദ്രവിച്ച കേസില്‍ പ്രത്യേക പൊലീസ് സംഘം ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിനിടയില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങള്‍ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും.