പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് സുഷമ സ്വരാജ്: ‘വീസയ്ക്ക് ശുപാര്‍ശ വേണ്ട’

single-img
18 July 2017

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇവിടെ നിന്നും ഇന്ത്യന്‍ മെഡിക്കല്‍ വീസ തേടുന്നവര്‍ക്ക് പാക്ക് സര്‍ക്കാരിന്റെ ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

പാക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും ഇവിടെയുള്ളവര്‍ക്കു വീസ അനുവദിക്കാന്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ എഴുത്തു വേണ്ടെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

കരളില്‍ ട്യൂമര്‍ ബാധിച്ച പാക് അധിനിവേശ കശ്മീരിലെ റാവ്‌ലകോട്ട സ്വദേശിയായ ഉസാമ അലിക്ക് (24) വീസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷനു കത്തെഴുതാന്‍ സര്‍താജ് അസീസ് വിസമ്മതിച്ചുവെന്നു കാട്ടി അലിയുടെ കുടുംബം സുഷമ സ്വരാജിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുഷമ ഇവര്‍ക്ക് മെഡിക്കല്‍ വീസ അനുവദിക്കുകയായിരുന്നു. ഡല്‍ഹി സാകേതിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അലിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ധാരണയായിട്ടുമുണ്ട്.

പാകിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്ക് മെഡിക്കല്‍ വീസ അപേക്ഷിക്കുന്നവര്‍ക്ക് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ കൂടി വേണമെന്ന് ഈ മാസം ആദ്യം സുഷമ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയ്ക്കു വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഷമ സ്വരാജ് അയച്ച കത്ത് ലഭിച്ചെന്നുപോലും വ്യക്തമാക്കാന്‍ അസീസ് ശ്രമിച്ചിട്ടില്ലെന്നും സുഷമ കുറ്റപ്പെടുത്തിയിരുന്നു.