പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസിന്റെ ക്രൂര പീഡനം: യുവാവ് ആത്മഹത്യ ചെയ്തു

single-img
18 July 2017

തൃശൂര്‍: പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകി(19)നെയാണ് ഉച്ചയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാവറട്ടി പോലീസ് വിനായകിനെ അന്യായമായി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇയാളുടെ ജനനേന്ദ്രിയത്തില്‍ വരെ പോലീസ് മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ ഉച്ചയോടു കൂടിയാണ് പരിചയക്കാരിയായ ഒരു പെണ്‍കുട്ടിയുമായി നിര്‍ത്തിയിട്ട ബൈക്കിലിരുന്ന് സംസാരിച്ചുനില്‍ക്കേ വിനായകനെയും സുഹൃത്ത് ശരത്തിനേയും പോലീസ് പിടികൂടിയത്. ചില സംശയങ്ങളുടെ പേരിലാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതെന്ന് പോലീസുകാരന്‍ പറഞ്ഞതായി ശരത്ത് വ്യക്തമാക്കി. വാഹനത്തിന് ബുക്കും പേപ്പറും ഇല്ലെന്നും വാഹനം ഓടിച്ചിരുന്ന ആള്‍ക്ക് ലൈസന്‍സില്ലെന്നും പറഞ്ഞാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

യൂണിഫോമില്‍ അല്ലായിരുന്നു പോലീസുകാരന്‍. ബൈക്കിലാണ് ഇയാള്‍ വന്നത്. വിനായകിനെ ബൈക്കില്‍ കൊണ്ടുപോയി. പിന്നാലെയാണ് താന്‍ ബൈക്കില്‍ സ്റ്റേഷനില്‍ എത്തിയത്. രണ്ട് പേരെയും മുതുകില്‍ ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിച്ച് മുഖത്തടിക്കുകയും ചെയ്തു. നിറുത്തിക്കൊണ്ടും കുറച്ചുനേരം മര്‍ദ്ദിച്ചു. എസ്.ഐ വരുമ്പോള്‍ മര്‍ദ്ദിച്ചില്ലെന്ന് പറയണമെന്നും മാല മോഷ്ടിച്ചുവെന്ന കുറ്റം സമ്മതിച്ചാല്‍ വിട്ടയക്കാമെന്നും പോലീസ് പറഞ്ഞതായി ശരത്ത് ആരോപിക്കുന്നു.

വീട്ടില്‍ നിന്ന് ആരെങ്കിലും വന്നാലെ വിട്ടയക്കൂ എന്നറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തിയാണ് തങ്ങളെ കൂട്ടിക്കൊണ്ടുവന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് വിനായകിന് നടക്കാനേ കഴിയുമായിരുന്നില്ല. വൈകിട്ട് ആറു മണിയോടെ ഞങ്ങള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ വന്നിരുന്നു. മര്‍ദ്ദിച്ച കാര്യം അവിടെയുണ്ടായിരുന്നവരോട് തങ്ങള്‍ പറഞ്ഞിരുന്നു. പിന്നീട് വീട്ടിലേക്ക് പോയ വിനായക് രാവിലെ വീണ്ടും തന്റെ വീട്ടില്‍ വന്നിരുന്നു. ശേഷം വിനായകിന്റെ മരണവാര്‍ത്തയാണ് അറിഞ്ഞതെന്നും ശരത് പറയുന്നു.

തൃശൂരിന്റെ പല ഭാഗത്തും മാല മോഷണവും പിടിച്ചുപറിയും വ്യാപകമായിരുന്നു. ഇവരെ നിരീക്ഷിക്കാന്‍ മഫ്തിയില്‍ ഇറങ്ങിയ പോലീസുകാരനാണ് വിനായകിനെയും ശരതിനെയും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.