അന്ധവിശ്വാസികളെ..!; ‘ഇത് വെറും കോണ്‍ക്രീറ്റ് പ്രതിമ’: ഇവിടെ തിരി കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ‘സുഖപ്രസവം’ നടക്കില്ല

single-img
18 July 2017

തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മുന്‍വശത്തുള്ള അമ്മയും കുഞ്ഞും ശില്‍പവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്ത് എത്തി. ഈ ശില്‍പം ഒരു കോണ്‍ക്രീറ്റ് പ്രതിമ മാത്രമാണെന്നും ചികിത്സ തേടിയെത്തുന്ന രോഗികളും ബന്ധുക്കളും ഇപ്പോള്‍ പ്രചരിക്കുന്ന അന്ധവിശ്വാസ കഥകളില്‍ വഞ്ചിതരാകരുതെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

പ്രതിമയില്‍ മെഴുകു തിരിയും, സാംബ്രാണിത്തിരിയും കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഗര്‍ഭിണികള്‍ക്കു സുഖ പ്രസവം ലഭിക്കും എന്ന തരത്തിലായിരുന്നു പ്രചരണം. ഇത് വിശ്വസിച്ച് നിരവധിയാളുകളാണ് ദിവസേന മെഴുകു തിരിയും, ചന്ദനത്തിരിയും കത്തിച്ച് ഇവിടെ പ്രാര്‍ത്ഥന നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പ്രചരണം ഏറിയതോടെ അന്ധവിശ്വാസികളുടെ എണ്ണവും കൂടി.

ഓക്‌സിജന്‍ പ്ലാന്റ്, അത്യാഹിത വിഭാഗം, രക്ത ബാങ്ക്, ഐ.സി.യു യൂണിറ്റുകള്‍ എന്നിവ സ്ഥിതിചെയ്യുന്നത് ഈ പ്രതിമയ്ക്ക് സമീപമാണ്. മെഡിക്കല്‍ കോളേജിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തീര്‍ത്ത ശില്‍പത്തെ അന്ധവിശ്വാസത്തിലേക്ക് നയിച്ചത് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി. ഇതോടെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിഷയത്തില്‍ ഇടപ്പെട്ടത്.

ശില്‍പ്പത്തിനു മുന്നില്‍ മെഴുകുതിരി, വിളക്ക്, ചന്ദനത്തിരി എന്നിവ കത്തിക്കുന്നതും ആളുകള്‍കൂടി നിന്ന് തിരക്കുണ്ടാക്കുന്നതും കര്‍ശനമായി നിരോധിച്ചു. ഇക്കാര്യം വ്യക്തമാക്കി ആശുപത്രി സൂപ്രണ്ടിന്റെ പേരില്‍ ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ പ്രതിമക്ക് സമീപം അന്ധവിശ്വാസികളുടെ തിരക്ക് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ശരീരഭാഗങ്ങള്‍ വരച്ച് കൊടുക്കുന്ന മെഡിക്കല്‍ കോളേജിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ ആര്യനാട് രാജേന്ദ്രനാണു അമ്മയും കുഞ്ഞും പ്രതിമയുടെ ശില്പി. 22 അടി ഉയരവും 5 അടി വീതിയുമുള്ളതാണ് ഈ കൂറ്റന്‍ പ്രതിമ. അമ്മയും കുഞ്ഞും പ്രതിമയുള്‍പ്പെടെ പതിനഞ്ചോളം പഠനവിഷയമല്ലാത്ത ശില്പങ്ങളാണ് മെഡിക്കല്‍ കോളേജ് കാമ്പസിലും മ്യൂസിയത്തിലുമായി അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്.