‘പണമില്ലാത്തതിനാല്‍ കാവ്യയെപോലും ഫോണ്‍ ചെയ്യാനായില്ല’: ‘കൊച്ചി രാജാവ്’ ദരിദ്രനായി; ഒടുവില്‍ അനിയന്‍ 200 രൂപ നല്‍കി

single-img
18 July 2017

ആലുവ: ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ചെലവുകള്‍ക്കായി പണമില്ല. ശനി ദിശയെന്നു തന്നെ പറയാം. സിനിമയില്‍ നമ്മെ ഏറെ ചിരിപ്പിച്ചും ജയില്‍ സീക്ക്വന്‍സുകളില്‍ തടവുകാരനായെത്തി പല ജോലികള്‍ ചെയ്തും കാശ് സമ്പാദിക്കുന്ന ദിലീപിന്റെ പല ചിത്രങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ അതല്ല അവസ്ഥ. താരം റിമാന്‍ഡിലായതിനാല്‍ ജയിലില്‍ ജോലിയില്ല. അതിനാല്‍ തന്നെ വരുമാനവുമില്ല.

ഇക്കാരണത്താല്‍ തന്നെ ജയിലിലെ ആവശ്യങ്ങള്‍ക്കും കുടുംബവുമായി ഫോണില്‍ സംസാരിക്കാനുമൊക്കെ ദിലീപിന് പണം ആവശ്യമായി വരും . ഈ സാഹചര്യത്തിലാണ് ജയിലിലെത്തിയ സഹോദരന്‍ അനൂപിനോട് ദിലീപ് തന്റെ സങ്കടം പങ്കുവെച്ചത്. തുടര്‍ന്ന് 200 രൂപ മണി ഓര്‍ഡറായി അയച്ചു കൊടുക്കാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ മണി ഓര്‍ഡറായി എത്തുന്ന തുക ദിലീപിന് നേരിട്ട് നല്‍കില്ല. പകരം ഫോണ്‍ വിളി അടക്കം തുടര്‍ന്നുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് അനുസരിച്ച് അക്കൗണ്ടില്‍ നിന്നും പണം കുറയും. ആഴ്ചയില്‍ അഞ്ച് രൂപക്ക് ജയിലിലെ കോയിന്‍ ഫോണില്‍ നിന്ന് വിളിക്കാം. പരമാവധി പതിനഞ്ച് മിനിറ്റ് നേരം ഫോണില്‍ വീട്ടുകാരുമായി സംസാരിക്കാം. ഇതിനു പുറമെ ജയിലില്‍ കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കൊതുകുതിരി, പേസ്റ്റ്, ബ്രഷ് , ബിസ്‌കറ്റ് തുടങ്ങിയവയ്ക്കും ഈ പണം ഉപയോഗിക്കാം. റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം ബാക്കി പണം ദിലീപിന് ലഭിക്കും.

അതേസമയം ജയിലില്‍ താരം ഉറങ്ങി തന്നെയാണ് സമയം തള്ളി നീക്കുന്നത്. ജയിലില്‍ നല്ല കൊതുകു ശല്യമുള്ളതിനാല്‍ കൊതുകു തിരി കത്തിച്ചു വച്ചുകൊണ്ടാണ് താരത്തിന്റെ നിദ്ര. സെല്ലിലുള്ള മറ്റുതടവുകാരോട് സംസാരിക്കാനോ അടുപ്പം പുലര്‍ത്താനോ ദിലീപ് ശ്രമിക്കുന്നില്ല. ഉറക്കമല്ലാത്ത സമയങ്ങളില്‍ പുസ്തകം വായിച്ചും പുറത്തെ കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞുമാണ് ദിലീപ് സമയം ചെലവഴിക്കുന്നത്. ഭക്ഷണം വരുമ്പോള്‍ വാങ്ങി കഴിച്ച ശേഷം വീണ്ടും സെല്ലില്‍ കയറി ഉറങ്ങുക മാത്രമാണ് ദിലീപിന്റെ ഇപ്പോഴത്തെ ദിനചര്യ.