നടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലീക്കായിട്ടില്ല; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പോലീസ്

single-img
18 July 2017


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയ പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പോലീസ്. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി ഈ ദൃശ്യങ്ങള്‍ കാണിച്ചുവെന്ന വാര്‍ത്തയാണ് അന്വേഷണസംഘം തന്നെ നിഷേധിച്ചിരിക്കുന്നത്.

പോലീസ് രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രകൃതിവിരുദ്ധ പീഡനത്തിന്റെ രണ്ട് മൃഗീയമായ ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാണിച്ചെന്നായിരുന്നു വാര്‍ത്ത.

ബലാത്സംഗത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരമായ കാര്യങ്ങള്‍, അതിന്റെ നിയമവശങ്ങള്‍ എന്നിവ പഠിപ്പിക്കുന്നതിനിടെയാണ് അദ്ധ്യാപകന്‍ രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചതെന്നാണ് പറയപ്പെട്ടത്.

ജൂണ്‍ അവസാന ആഴ്ചയിലാണ് ദൃശ്യങ്ങള്‍ മെഡിക്കല്‍ സ്റ്റുഡന്‍സിനെ കാണിച്ചതെന്ന് പറയപ്പെടുന്നു. ദൃശ്യങ്ങള്‍ കണ്ട ചില വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറത്തു വരുന്നത്. ദൃശ്യങ്ങള്‍ കണ്ടിരുന്ന കുട്ടികള്‍ക്ക് വിവരം പുറത്തു പറയാന്‍ പോലും ഭയമായിരുന്നെന്നും പിന്നീട് പലരും മാതാപിതാക്കളെ അറിയിച്ചെന്നുമാണ് വിവരം. പക്ഷേ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

അതേസമയം കേസില്‍ മൊബൈലിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡിനായി പോലീസ് തെരച്ചില്‍ തുടരുകയാണിപ്പോഴും. അടുത്തിടെ സിം മാറ്റിയ ദിലീപിന്റെ ഒരു വിദേശ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ സുഹൃത്തിന്റെ കൈവശം മെമ്മറികാര്‍ഡ് കൊടുത്തുവിട്ടോ എന്ന സംശയവും ഉയരുന്നുണ്ട്. അങ്ങിനെയെങ്കില്‍ അത് വിദേശത്ത് നിന്നും അപ്‌ലോഡ് ചെയ്യാനുള്ള സാധ്യതകളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.