ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു

single-img
18 July 2017

ഗോരക്ഷയുടെ പേരില്‍ ദളിതര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രാജ്യയസഭ എംപി സ്ഥാനം രാജി വച്ചു. ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിക്ക് രാജിക്കത്ത് കൈമാറി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്‍പതു മാസം ബാക്കിയുള്ളപ്പോഴാണ് മായാവതിയുടെ രാജി. ദളിത് വിഷയം സജീവമാക്കി നിര്‍ത്തുന്നതിനും ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനുമുള്ള നീക്കമാണ് മായാവതി നടത്തുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.

യുപിയിലെ ഷഹറന്‍പുരില്‍ ദളിതര്‍ക്കു നേരെ നടന്ന അക്രമം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് മായാവതി രാവിലെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ മൂന്നു മിനിറ്റാണ് മായാവതിക്കു സംസാരിക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അനുവദിച്ചത്.

എന്നാല്‍ ദളിതര്‍ക്കുനേരെയുണ്ടാകുന്ന അക്രമത്തെക്കുറിച്ച് മൂന്ന് മിനിറ്റില്‍ പറഞ്ഞാല്‍ അവസാനിക്കുന്നതല്ലെന്നും കൂടുതല്‍ സമയം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ഉന്നയിക്കാന്‍ മാത്രമേ പറ്റുകയുള്ളു എന്ന രാജ്യസഭാ ഉപാധ്യക്ഷന്റെ മറുപടിയാണ് മായാവതിയെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് മായാവതി രാജി ഭീഷണിയുമായി രാജ്യസഭയില്‍നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

മായാവതിയുടെ ക്ഷോഭത്തിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. മായാവതി ഉന്നയിച്ച വിഷയങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണെന്നും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങളില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ദളിതരും ന്യൂനപക്ഷങ്ങളും ഭയത്തോടെയാണ് രാജ്യത്ത് കഴിയുന്നതെന്നും യെച്ചൂരി പറഞ്ഞു.