ദിലീപിന്റെ കുരുക്കു മുറുക്കുന്നത് മഞ്ജുവോ: കേസില്‍ പ്രധാന സാക്ഷിയാകുന്ന മഞ്ജുവാര്യര്‍ പറയുന്നത് എന്തൊക്കെ?

single-img
18 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയായേക്കുമെന്ന് സൂചന. ദിലീപിന്റെ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നടിയോട് ദിലീപിന് പക തോന്നാനും ക്വട്ടേഷന്‍ നല്‍കിയുള്ള ആക്രമണത്തിലേക്ക് നയിച്ചതുമെന്ന നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. നേരത്തേ ഇതുമായി ബന്ധപ്പെട്ട് മഞ്ജുവില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ തങ്ങളുടെ കുടുംബ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താരം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

ദിലീപിനെ ചോദ്യം ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് എഡിജിപി ബി.സന്ധ്യയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. ഇരുവരുടെയും വിവാഹബന്ധം തകരാനിടയായ കാര്യങ്ങള്‍ വിശദമായി സംസാരിച്ചെന്നാണ് വിവരം. കാവ്യാ മാധവനുമായി നേരത്തെതന്നെ ദിലീപിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്ജു വിശദീകരിക്കുകയുണ്ടായി. ഇതിനുശേഷമാണ് ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത്.

ദിലീപിനെയും കാവ്യാമാധവനെയും ചേര്‍ത്തുള്ള വിവരങ്ങള്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ നടിയാണ് കൈമാറിയതെന്നും ഇതേത്തുടര്‍ന്നാണ് തങ്ങളുടെ ബന്ധം തകര്‍ന്നതെന്നുമാണ് മഞ്ജു വാര്യര്‍ നല്‍കിയ വിവരങ്ങള്‍. ഇതിനെച്ചൊല്ലി 2013 ല്‍ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഷോയില്‍ വെച്ച് ആക്രമിക്കപ്പെട്ട നടിയും ദിലീപും പരസ്യമായി വഴക്കടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയാണ് ക്വട്ടേഷന്‍ നല്‍കുന്നതിലേക്കും നടിയെ തട്ടിക്കൊണ്ടുപോകലിലേക്കും നയിച്ചതെന്നാണ് വിവരം.

അതേസമയം കേസിലെ നിര്‍ണ്ണായക തെളിവായി മാറേണ്ട ഒറിജിനല്‍ മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും മൊബൈലും മെമ്മറി കാര്‍ഡുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ കാര്‍ഡുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസിന് നേരത്തേ ലഭിച്ചുവെങ്കിലും അത് മെമ്മറി കാര്‍ഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമായിരുന്നു. ഈ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്പിച്ചെന്നാണ് സുനിയുടെ മൊഴി. ഇത് ദിലീപിന് കൈമാറിയോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ഇതിനിടയില്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫില്‍ നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ലെങ്കിലും മായ്ച്ചു കളഞ്ഞതാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണിപ്പോള്‍. പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ കിടന്നതെന്ന് പറഞ്ഞാണ് രാജു ജോസഫ് മെമ്മറി കാര്‍ഡ് പൊലീസിന് കൈമാറിയത്.