രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് മായാവതി

single-img
18 July 2017

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച ഇന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. വര്‍ഗീയത പ്രചരിപ്പിക്കുകയാണ് ബി.ജെ.പി എന്നായിരുന്നു ബി.എസ്.പി നേതാവ് മായാവതിയുടെ ആരോപണം. രാജ്യമെമ്പാടുമുള്ള ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായി ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.

ഗോസംരക്ഷണത്തിന്റെ പേരിലും രാജ്യത്ത് അക്രമങ്ങള്‍ കൂടുന്നു. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു പ്രതികരണവും നടത്തുന്നില്ലെന്നും മായാവതി പറഞ്ഞു. ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ അംഗത്വം രാജിവയ്ക്കുമെന്നു പറഞ്ഞ് മായാവതി സഭ ബഹിഷ്‌കരിക്കുകയായിരുന്നു. ശഹറന്‍പുരിലെ ദലിത് സംഘര്‍ഷം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മായാവതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് രാജ്യസഭ ചര്‍ച്ച ചെയ്യാത്തതില്‍ വന്‍ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ന്നത്.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചതോടെ സഭ ഉച്ചയ്ക്ക് 12 മണിവരെ പിരിഞ്ഞു. ന്യൂനപക്ഷങ്ങളെയും ദലിതരേയും കൊല്ലുന്നതിനല്ല സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.