ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു: ഇര്‍ഫാന്‍ പത്താന് മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം

single-img
18 July 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെയും ഭാര്യയുടെയും ചിത്രത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം. ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ഇര്‍ഫാന്‍ പത്താന് നേരെ സൈബര്‍ ആക്രമണം നടക്കുന്നത്. ഇന്നലെ വൈകിട്ട് ഇര്‍ഫാന്‍ പത്താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് കമന്റുകളുമായി ധാരാളം പേര്‍ എത്തിയത്.

പ്രവാസി ഇന്ത്യക്കാരിയായ ജിദ്ദയില്‍ താമസിക്കുന്ന സഫ ബെയ്ഗ് ആണ് ഇര്‍ഫാന്റെ ഭാര്യ. പര്‍ദയിട്ട് തലമൂടിയ സഫ ബെയ്ഗ് കൈകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ചിത്രത്തില്‍. സഫ നെയില്‍ പോളീഷ് അണിഞ്ഞിരിക്കുന്നതും, കയ്യും മുഖവും മറയ്ക്കാത്തതുമാണ് ചിലരെ പ്രകോപിപ്പിച്ചത്.

ലക്ഷക്കണക്കിന് പേര്‍ ചിത്രത്തിന് ആശംസകളുമായി എത്തിയപ്പോഴാണ് വിമര്‍ശവനവുമായി മതമൗലികവാദികള്‍ എത്തിയത്. ‘മുഖം മറച്ചല്ലോ, കയ്യും കൂടി മറക്കാമായിരുന്നു, നെയില്‍ പോളീഷിന് പകരം മെഹന്ദി ഉപയോഗിക്കണം’ എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ കമന്റ് ബോക്‌സില്‍ കാണാം. അതേസമയം മുസ്ലിം സ്ത്രീകളുടെ ചിത്രം പോസ്റ്റ് ചെയ്യരുത് എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

ഇവരുടെ കമന്റുകള്‍ക്ക് പിന്നാലെ വാദപ്രതിവാദവുമായി ധാരാളം പേര്‍ എത്തിയിട്ടുണ്ട്. അതേസമയം ഇര്‍ഫാനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. ഉപദേശ കമന്റുകളെ പരിഹസിച്ച് മലയാളത്തിലും കമന്റുകള്‍ കാണാം. മതമൗലികവാദികളെ കളിയാക്കുന്ന സ്ഥിരം വാചകങ്ങള്‍ ഉപയോഗിച്ചാണ് പരിഹാസം.

സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ വാദപ്രതിവാദങ്ങളുടെ വേദിയാകുന്നത് സ്ഥിരമാണ്. നേരത്തെ കയ്യില്ലാത്ത വസ്ത്രം ധരിച്ചതിന് മുഹമ്മദ് ഷമിയുടെ ഭാര്യയ്‌ക്കെതിരെയും മതമൗലിക വാദികള്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഷമിയും ശക്തമായി രംഗത്തെത്തിയിരുന്നു. പിന്നീടും ഷമി ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കിലിട്ട് പ്രതിഷേധിക്കുകയും ചെയ്തു.