ചിന്നമ്മ ജയിലില്‍ ‘തലൈവി’: വിഐപി പരിഗണനയുടെ ദൃശ്യങ്ങള്‍ പുറത്ത്

single-img
18 July 2017

ബെംഗളൂരൂ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്നതിനുള്ള തെളിവ് പുറത്തുവന്നു. തടവുകാരിക്ക് ഉള്ള നിയന്ത്രണങ്ങളോ പരിഗണനകളോ ഇല്ലാതെ ശശികല ജയിലില്‍ കഴിയുന്ന ദൃശ്യങ്ങള്‍ കന്നഡ ചാനല്‍ ‘ശുദ്ധി’യാണ് പുറത്തുവിട്ടത്.

പട്ടുസാരിയുടുത്ത് പൊട്ട് തൊട്ട് പോലീസുകാരോട് കുശലം പറഞ്ഞ് തികഞ്ഞ ഉല്ലാസത്തോടെ ജയിലില്‍ കഴിയുന്ന ശശികലയുടെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ജയില്‍ വസ്ത്രം നിര്‍ബന്ധമല്ലെന്നു മാത്രമല്ല തന്റെ പ്രത്യേക ഭക്ഷണപാത്രവുമായാണ് ശശികല ജയിലില്‍ കഴിയുന്നത്.

ഇത്തരത്തില്‍ ശശികല നടന്നു നീങ്ങുന്നത് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ഇതില്‍ മാത്രം തീരുന്നില്ല കാര്യങ്ങള്‍. ശശികലയുടെ ആവശ്യത്തിനായി പ്രത്യേക നിര്‍ദേശപ്രകാരം അവരെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കിലെ അഞ്ചുസെല്ലുകള്‍ ഒഴിപ്പിച്ചു തുറന്നിട്ടിരിക്കുകയാണ് ജയില്‍ അധികൃതര്‍. ഈ വിവരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡിഐജി രൂപയെ സ്ഥലം മാറ്റിയിരുന്നു.

ഇതിനുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്. നിരവധി സൗകര്യങ്ങള്‍ക്കൊപ്പം പ്രത്യേകം കിടക്കകള്‍ ഉള്‍പ്പെടെയുള്ളവയും ശശികലയ്ക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നിയന്ത്രണങ്ങള്‍ ഇല്ലാതെ തന്നെ എത്തുന്ന സന്ദര്‍ശകരോട് ശശികലക്ക് സംസാരിക്കാനുള്ള സൗകര്യവും ജയിലധികൃതര്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രത്യേക പരിഗണന കിട്ടുന്നതിനായി ശശികല ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു രൂപയുടെ ആരോപണം.

ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും പിന്നീട് ഇവ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതായും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും പിന്നാലെ ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു.