ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് റവന്യൂമന്ത്രി: ‘ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി’

single-img
18 July 2017

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി കൈയേറ്റം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ നല്‍കിയതെങ്കില്‍ നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കും. വിശദ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൈയേറ്റ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഡി സിനിമാസ് തിയറ്ററിന് പ്രവര്‍ത്തന അനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നഗരസഭാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. 2014ല്‍ യുഡിഎഫ് ഭരണകാലത്താണ് അനുമതി നല്‍കിയത്. ഇരുപതു ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. ഈ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. നിലവില്‍ നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്.

ഡി സിനിമാസ് നിര്‍മിച്ച ഭൂമിയില്‍ കയ്യേറ്റം നടന്നതായി ബോധ്യപ്പെട്ടാല്‍ എത്ര ഉന്നതരായാലും ഭൂമി തിരിച്ചുപിടിക്കുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിയറ്റര്‍ സര്‍ക്കാര്‍ഭൂമി കയ്യേറി പണിതതാണെന്ന ആരോപണത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു കലക്ടര്‍ ഡോ. എ. കൗശിഗന്‍ പറഞ്ഞു.

1956 മുതലുള്ള രേഖകള്‍ പരിശോധിച്ചുവരികയാണ്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സര്‍ക്കാര്‍ഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതില്‍ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടര്‍ സൂചിപ്പിച്ചു. മുന്‍ കലക്ടര്‍ എം.എസ്. ജയയുടെ കാലത്താണ് പരാതി ഉയര്‍ന്നതെന്നും കലക്ടര്‍ പറഞ്ഞു.

സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരു–കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.