ഡി സിനിമാസ് പുറമ്പോക്ക് ഭൂമിയിലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്; ‘അന്വേഷണം സങ്കീര്‍ണം’

single-img
18 July 2017

തിരുവനന്തപുരം: ദിലീപിന്റെ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലാ കലക്ടറാണ് റിപ്പോര്‍ട്ട് നല്‍കിയത്. കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്നും വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. തീയേറ്റര്‍ നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെങ്കില്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ദിലീപ് മള്‍ട്ടിപ്ലക്‌സ് നിര്‍മിച്ചതെന്ന ആരോപണത്തില്‍ പരിശോധന നടത്താന്‍ കലക്ടര്‍ ഡോ. എ. കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തുകയായിരുന്നു. ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയത് സംബന്ധിച്ച് അന്വേഷണം സങ്കീര്‍ണമാണെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയണെന്ന് വിശദമായി പരിശോധിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതില്‍ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തെന്നും ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കലക്ടര്‍ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയര്‍ന്നതെന്നും കലക്ടര്‍ വ്യക്തമാക്കി.

സംസ്ഥാന രൂപവത്കരണത്തിനു മുന്‍പ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നായിരുന്നു പരാതി. ആലുവ സ്വദേശി സന്തോഷ് നല്‍കിയ പരാതിയില്‍ ദിലീപിന് അനുകൂലമായി അന്നത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഹിയറിങ്ങിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. നേരത്തെ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തൃശ്ശൂര്‍ ജിലാ കളക്ടര്‍ രണ്ടു വര്‍ഷമായിട്ടും ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം.