സര്‍ക്കാരിന് മുന്നറിയിപ്പുമായി ചെന്നിത്തല: ‘നഴ്‌സുമാരുടെ സമരം നീട്ടിക്കൊണ്ടുപോകുന്നത് തീക്കളി’

single-img
18 July 2017

തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഴ്‌സുമാരുടെ സമരം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് തീക്കളിയാണെന്നു ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ജൂലൈ 20ന് മുന്‍പ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ പ്രതിപക്ഷം നഴ്‌സുമാരുടെ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണ നഴ്‌സുമാര്‍ക്ക് ഒപ്പമാണ്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഉപവാസ സമരം നടത്തുകയാണ്. നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പലവട്ടം അവരുടെ സമരപ്പന്തലില്‍ പോയെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.