മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംന മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്: ഡോക്ടര്‍മാര്‍ അടക്കം 15 പേര്‍ കുറ്റക്കാര്‍

single-img
17 July 2017


കളമശേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ആയിരുന്ന ഷംന തസ്‌നീമിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെയും മെഡിക്കല്‍ അപ്പെക്‌സ് ബോര്‍ഡിന്റേയും റിപ്പോര്‍ട്ട്. ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി.

ഡോ. ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇന്‍ജക്ഷന്‍ മൂലമുണ്ടായ അലര്‍ജിയാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഷംന തസ്‌നീമിനെ ചികിത്സിച്ചിരുന്ന ഡോക്ടറായ ജില്‍സ് ജോര്‍ജിനെയും കൃഷ്ണ മോഹനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലായ് 18നാണ് ഷംന തസ്‌നീം മരണമടഞ്ഞത്. ചെറിയ പനിയെ തുടര്‍ന്ന് പഠിക്കുന്ന കോളജില്‍ തന്നെ ചികിത്സ തേടിയ ഷംനയുടെ മരണവാര്‍ത്തയാണ് പിന്നീട് പുറംലോകമറിഞ്ഞത്. ചികിത്സാ പിഴവുമൂലമാണ് ഷംന മരിച്ചതെന്ന് ആരോപണം തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഷംനയുടെ പിതാവ് ആദ്യം സമീപിച്ചത് കളമശേരി പൊലീസ് സ്റ്റേഷനിലാണ്.

തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണറാണ് കേസ് ഏറ്റെടുത്തത്. തുടര്‍ന്ന് പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം മെഡിക്കല്‍ ബോര്‍ഡ് വിളിച്ചുചേര്‍ത്തു. ചികിത്സാപ്പിഴവ് ഇല്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കുട്ടപ്പന്റെ നേതൃത്വത്തിലുളള ബോര്‍ഡിന്റെ തീരുമാനപ്രകാരം കേസ് അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പൊലീസ് ഷംനയുടെ പിതാവിനെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിലെ അംഗവും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധയുമായ ലിസ ജോണ്‍ മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലിനോട് വിയോജനക്കുറിപ്പ് എഴുതിവെച്ചു. ഇത് കേസില്‍ ഏറെ നിര്‍ണായകവുമായി. ഡിജിപിയെ കണ്ട ഷംനയുടെ പിതാവിന്റെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.