സെന്‍കുമാറിന് ആശ്വാസം: ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

single-img
17 July 2017

കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, അദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണു വിവാദമായത്. കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ 42 എണ്ണവും മുസ്ലിം സമുദായത്തില്‍ നിന്ന് ആണെന്നതു ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു പരാമര്‍ശം.

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിനു കാരണമെന്നു സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ല. അഭിമുഖം പ്രസിദ്ധികരിച്ച വരികയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നുവെന്നും അനുമതിയില്ലാതെയാണ് അഭിമുഖം റിക്കോര്‍ഡ് ചെയ്‌തെന്നും സെന്‍കുമാര്‍ പറഞ്ഞു.

ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച പരാതികളില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണു കേസെടുത്ത് അന്വേഷണം നടത്താനായി ക്രൈംബ്രാഞ്ചിനു കൈമാറിയത്. പൊലീസ് ആസ്ഥാനത്തെ നിയമോപദേഷ്ടാവിന്റെ ഉപദേശം തേടിയ ശേഷമാണു അന്വേഷണത്തിനു നിര്‍ദേശിച്ചത്. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് കേസെടുത്തത്.