പ്രസംഗിച്ച് ഷൈന്‍ ചെയ്യാന്‍ എത്തിയ ശ്രീറാം വെങ്കിട്ടരാമന് ഇത്തവണയും ‘പണി കിട്ടി’: ഒടുവില്‍ സെല്‍ഫി എടുത്ത് ‘സങ്കടം’ തീര്‍ത്തു

single-img
17 July 2017

മലയാളത്തിന്റെ യുവ നടന്‍ ടൊവീനോ തോമസും, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിലൂടെ പൊതു സമൂഹത്തിന്റെ കയ്യടി നേടിയ ശ്രീറാം വെങ്കിട്ടരാമനും ഒരേ വേദിയില്‍. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇരുവരും. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 15ാം റാങ്ക് ലഭിച്ച ബി സിദാര്‍ത്ഥ്, പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, എന്നിവരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായാണ് ശ്രീറാം എത്തിയത്.

തന്റെ ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവെച്ചാണ് ശ്രീറാം സദസ്സിനെ കയ്യിലെടുത്തത്. ഐഎഎസ് കിട്ടിയപ്പോള്‍ ആദരിക്കാനായി എംഎല്‍എ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ഇത് പോലെ ഇറങ്ങിയതാണ്. പ്രസംഗിച്ച് ഷൈന്‍ ചെയ്യുമെന്ന് സുഹൃത്തിനോട് പറഞ്ഞായിരുന്നു യാത്ര. പക്ഷെ ഇടയ്ക്ക് വെച്ച് കാര്‍ പഞ്ചറായി.

സമയം തെറ്റരുത് എന്ന് വിചാരിച്ച് കാര്‍ തള്ളി അവിടെയെത്തിയപ്പോള്‍ ശശി തരൂരും ആസിഫ് അലിയും. അതോടെ എല്ലാം തീര്‍ന്നെന്നും ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. ഇത്തവണ പോസ്റ്ററില്‍ എന്റെയും എംഎല്‍എയുടെയും പേര് മാത്രം. പ്രസംഗിച്ച് കലക്കാമെന്ന് കരുതിയാണ് ഇവിടെയെത്തിയത്. ഇവിടെയെത്തിയപ്പോള്‍ ടൊവീനോ തോമസ് ഇരിക്കുന്നു. പ്രസംഗം ചീറ്റിപോയെങ്കിലും സാരമില്ല. ടൊവീനോയുടെ കട്ട ഫാനാണ് ഞാന്‍ എന്നു പറഞ്ഞ ശ്രീറാം വെങ്കിട്ടരാമന്‍ ടൊവീനോയോടൊപ്പം ഒരു സെല്‍ഫി എടുക്കണം എന്ന ആഗ്രഹവും പങ്കുവെച്ചു.

തുടര്‍ന്ന് പ്രസംഗിച്ച ടൊവീനോയും സദസ്സിനെ ഇളക്കിമറിച്ചു. എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയത്ത് അഭിനയം പഠിക്കാന്‍ പോയിരുന്നെങ്കില്‍ നന്നായി അഭിനയിക്കാന്‍ സാധിച്ചേനേ. നിങ്ങള്‍ എന്താണോ ഇഷ്ടപ്പെടുന്നത്, അത് ചെയ്യുക. എങ്കില്‍ ഉയരങ്ങളിലെത്താന്‍ സാധിക്കും. പത്താം ക്ലാസില്‍ നിങ്ങളുടെ അത്രയും മാര്‍ക്കില്ലാത്ത ഞാന്‍ നിങ്ങളെ ഉപദേശിക്കുകയല്ലെന്നും. വെറുതേ പറഞ്ഞന്നേയുള്ളൂ എന്നുമായിരുന്നു ടൊവീനോയുടെ കമന്റ്. കെവി തോമസ് എംപി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എപിഎം മുഹമ്മദ് ഹനീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.