‘രൂപ’യ്ക്കും മേലെ ചിന്നമ്മ: ജയിലില്‍ ശശികലയ്ക്ക് വിഐപി പരിഗണനയെന്നു പറഞ്ഞ ഡിഐജിയെ സ്ഥലം മാറ്റി

single-img
17 July 2017

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കുന്നുവെന്ന ആരോപണം ഉന്നയിച്ച ജയില്‍ ഡിഐജി ഡി രൂപയെ സ്ഥലം മാറ്റി. റിപ്പോര്‍ട്ട് മാധ്യമങ്ങളോടു പ്രസിദ്ധപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് രൂപയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. ജയില്‍ വകുപ്പില്‍ നിന്നും ട്രാഫിക് വിഭാഗത്തിലേക്കാണ് പുതിയ നിയമനം.

ഈ മാസം അവസാനം വിരമിക്കാനിരിക്കുന്ന ജയില്‍ ഡിജിപി റാവുവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അഴിമതി വിരുദ്ധ വിഭാഗം എ.ഡി.ജി.പി എന്‍.എസ് മെഹരിഖിന് ആണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ റാവുവിന് പകരം ചുമതല നല്‍കിയതായി വ്യക്തമാക്കിയിട്ടില്ല.

പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്കു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താന്‍ ജയില്‍ ഡിജിപിയായ എച്ച്.എസ്. സത്യനാരായണ റാവു രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയതായി രൂപ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശശികലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വീഡിയോ ദൃശ്യമടക്കമാണ് ഡി.ജി.പിക്കെതിരെ രൂപ പരാതി നല്‍കിയത്. റാവുവിനെതിരായ മറ്റ് ആരോപണങ്ങളും രൂപ മുന്നോട്ടുവച്ചിരുന്നു.