ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: ‘ഹിന്ദു ജീവിതശൈലി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നു’

single-img
17 July 2017

തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ സഹായത്തോടെ ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനുളള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണവുമായി രംഗത്തെത്തിയത്.

പശു സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലും ഇടപെടാന്‍ സന്നദ്ധത കാണിക്കണമെന്നും വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നതില്‍ നിന്ന് പിന്മാറാന്‍ ആര്‍.എസ്.എസിനോട് ആവശ്യപ്പെടണമെന്നും പിണറായി പറഞ്ഞു.

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക അവകാശമാണ്. അതില്‍ കൈകടത്താനും ആര്‍.എസ്.എസിന്റെ തീവ്രവര്‍ഗീയ അജണ്ടയനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണെന്നും പിണറായി പറയുന്നു.

ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം, ടി.വി കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത് മുതലായ നിര്‍ദേശങ്ങളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകയറുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍.എസ്.എസ് അവകാശപ്പെടുന്നത്. എന്നാല്‍ വാസ്തവത്തില്‍ മനുസ്മൃതിയിലെ ‘മൂല്യങ്ങള്‍’ കുടുംബങ്ങളില്‍ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.