Breaking News

നടിയെ ആക്രമിച്ച കേസ്: രണ്ട് പ്രതിപക്ഷ എംഎല്‍എമാരെ ചോദ്യംചെയ്യും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എമാരുടെ മൊഴിയെടുക്കും. പി ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇരുവരും തിരുവനന്തപുരത്തായതിനാല്‍ ഇവിടെത്തിയാകും മൊഴിയെടുക്കുക.

സംഭവം നടന്ന അന്ന് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരില്‍ ഒരാളായിരുന്നു പി.ടി.തോമസ്. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടല്‍ കേസിന്റെ ആദ്യം മുതല്‍തന്നെ ഉണ്ടായിരുന്നു. ഇതാണ് പി.ടി.തോമസിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് അന്‍വര്‍ സാദത്തിന്റെ മൊഴിയെടുക്കുന്നത്. ദിലീപുമായി ഏറെക്കാലത്തെ അടുപ്പമുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ നടിക്കെതിരെ നടത്തിയ അതിക്രമത്തെക്കുറിച്ച് എന്തെങ്കിലും വിവരം ദിലീപ് അന്‍വര്‍ സാദത്തിനോട് പങ്കുവച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.