നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്: ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്തി

single-img
17 July 2017


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തതായി സൂചന. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കൈയില്‍നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയത്. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്.

എന്നാല്‍ നിലവില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇതിലാണോ എന്നും അന്വേഷണസംഘം പരിശോധിക്കും. ഞായറാഴ്ചയാണ് അഭിഭാഷകനായ രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബില്‍ വച്ച് ചോദ്യം ചെയ്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ നിരവധി പകര്‍പ്പുകള്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതിലൊന്ന് അന്വേഷണസംഘത്തിനും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച മെമ്മറി കാര്‍ഡിലാണോ ആദ്യം ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പരിശോധനകള്‍ക്കുശേഷമെ വ്യക്തമാകൂ.

ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ രണ്ടാഴച മുമ്പ് വിദേശത്തേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചശേഷം സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് കരുതുന്നത്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അറസ്റ്റ് ഭയന്ന് അഡ്വ. പ്രതീഷ് ചാക്കോ ഇപ്പോള്‍ ഒളിവിലാണ്.