അഴിമതിയില്‍ മുങ്ങി കേരളത്തിലെ ബിജെപി ‘നേതാക്കള്‍’: മെഡിക്കല്‍ കോളേജ് അനുവദിക്കാമെന്ന പേരില്‍ വാങ്ങിയത് 13 കോടി

single-img
17 July 2017

കൊച്ചി: കേന്ദ്രത്തില്‍ ഭരണം അഴിമതി രഹിതമായി മുന്നോട്ട് പോകുന്നതായി ബിജെപി അവകാശപ്പെടുമ്പോള്‍ കേരളത്തിലെ ബിജെപി ഘടകം അഴിമതികളില്‍ മുങ്ങിക്കുളിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ തലവേദന സൃഷ്ടിക്കുന്നു. മെഡിക്കല്‍ കോളേജ് അനുവദിക്കാമെന്ന പേരില്‍ ചിലര്‍ പണം വാങ്ങിയെന്ന ആരോപണമാണ് ഇപ്പോള്‍ പാര്‍ട്ടിയെ വലയ്ക്കുന്നത്.

കോഴയായി വാങ്ങിയ തുകയുടെ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് തുക വാങ്ങിയിരിക്കുന്നതെന്നാണ് ചില രഹസ്യകേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പണമിടപാട് പരസ്യമാക്കാതെ തന്നെ പാര്‍ട്ടിക്കുള്ളിലെ ചിലയാളുകള്‍ ചരടുവലിച്ചാണ് പരാതികള്‍ കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിച്ചത്.

ഇതേത്തുടര്‍ന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നേതാക്കളായ കെ.പി .ശ്രീശനും എ.കെ.നസീറും ഉള്‍പ്പെടുന്ന സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും നാലു പേര്‍ക്കെതിരെ മാത്രം കുറ്റം കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്ക് മുന്നില്‍ വന്നിരിക്കുന്നത്. അവര്‍ക്ക് കൂട്ടുനിന്ന പ്രധാന നേതാക്കളെയും ചുറ്റിപറ്റി അന്വേഷണം ചെന്നെത്തുന്നുണ്ട്. മെഡിക്കല്‍ കോളേജിന് കേന്ദ്രാനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ചരക്കോടി കൈപ്പറ്റിയെന്നായിരുന്നു ആരോപണം.

പണം നല്‍കിയ തിരുവനന്തപുരത്തെ വ്യവസായി ഇതുവരെ ബിജെപിക്ക് രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും അന്വേഷണം നടത്താന്‍ പാര്‍ട്ടിയിലെ ചിലവിഭാഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന പ്രസിഡന്റിനോട് അടുപ്പമുണ്ടെന്നും ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പേര് ഉപയോഗപ്പെടുത്തിയുമാണ് മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങിത്തരാമെന്നു പറഞ്ഞു പണം വാങ്ങിയത്. 13 കോടി ആവശ്യപ്പെട്ടതില്‍ ആദ്യ ഗഡുവാണ് നല്‍കിയത്. നാലുപേര്‍ ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയത്. പണം വാങ്ങിയെന്ന ആരോപണമുള്ളയാളോട് തുക തിരിച്ചു നല്‍കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കൈയിലില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നാണ് പാര്‍ട്ടിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സമാനമായ രീതിയില്‍ മുമ്പ് വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പ് അഴിമതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം പെട്ടിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പുകള്‍ അനുവദിക്കാമെന്ന ധാരണയില്‍ കോടികള്‍ കൈപറ്റിയെന്നായിരുന്നു നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടുകൂടിയ അഴിമതിയായിരുന്നു അന്നു നടന്നത്. പമ്പുകള്‍ അനുവദിക്കാന്‍ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹികളോട് പോലും പണം ആവശ്യപ്പെട്ടെന്നായിരുന്നു അന്നുണ്ടായിരുന്ന ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ 18 കോടിയുടെ അഴിമതിയാണ് പാര്‍ട്ടി അന്വേഷണത്തില്‍ പുറത്തുവന്നത്. എന്നാല്‍ യഥാര്‍ത്ഥ തുക അതിലും അപ്പുറം പോകുന്നതായിരുന്നു.

അതേസമയം പണം തിരിച്ചു നല്‍കി, അഴിമതിക്കാരെ എത്രയും വേഗം പുറത്താക്കി സംഭവത്തില്‍ മുഖം രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.