കര്‍ക്കിടകം പിറന്നു: ഇനി രാമായണ പുണ്യ ദിനങ്ങള്‍

single-img
17 July 2017

‘ ശ്രീരാമ ! രാമ ! രാമ ! ശ്രീരാമചന്ദ്രാ ! ജയ ! ശ്രീരാമ ! രാമ ! ശ്രീരാമഭദ്ര ! ജയ ! കര്‍ക്കിടകം പിറന്നു. ഇനി രാമായണ ശീലുകള്‍ കേട്ടുണരാം. ഹൈന്ദവ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസം തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടില്‍ നിന്നുള്ള രാമകഥാ ശീലുകള്‍ ഉയരും. സൂര്യന്‍ കര്‍ക്കിടക രാശിയില്‍ നിന്നും ചന്ദ്രന്റെ സ്വക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചന്ദ്രന് ബലം കുറയുമെന്നാണ് ജ്യോതിശാസ്ത്ര സംബന്ധമായ വിശ്വാസം. സൂര്യന്‍ ശരീരത്തിന്റെ നാഥനും ചന്ദ്രന്‍ മനസ്സിന്റെ നാഥനുമാണ്. ചന്ദ്രന്റെ ശക്തി ക്ഷയിക്കുന്നതോടെ മനസ്സിന്റെ ബലം കുറയുമെന്നാണ് സങ്കല്‍പ്പം.

മനുഷ്യനും ദൈവവും ഇതിന് അതീതരല്ലെന്നതിനാല്‍ നരനില്‍ നിന്നും നരോത്തമനിലേക്കുള്ള രാമന്റെ കഥകളാണ് രാമായണത്തിലൂടെ വിവരിക്കുന്നത്. കര്‍ക്കിടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്ക് സൂര്യന്‍ മാറുന്ന സമയം വരെയുള്ള ഒരുമാസം പുണ്യകാലമായാണ് ഹൈന്ദവര്‍ കരുതുന്നത്. ശ്രീരാമന്‍ ജനിച്ചത് കര്‍ക്കിടക രാശിയിലാണ്. ലവനും കുശനും ആദ്യമായി രാമകഥ ആലപിച്ചത് കര്‍ക്കിടകമാസത്തിലും.

അതിനാലാണ് കര്‍ക്കിടകം രാമായണ മാസമായത്. ഈ ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ ത്യജിച്ച് വ്രതശുദ്ധിയോടെ വേണം രാമായണം പാരായണം ചെയ്യേണ്ടത്. ബാലകാണ്ഡത്തിലാണ് ആരംഭം. പിന്നീട് അയോദ്ധ്യാ, ആരണ്യ, കിഷ്‌കിന്ധാ, സുന്ദര കാണ്ഡങ്ങളിലൂടെ യുദ്ധകാണ്ഡം വായിച്ചു കഴിയുമ്പോഴേക്കും രാമായണ പാരായണം പൂര്‍ത്തിയാകുന്നു.