ദിലീപിന് ‘ഉറക്കം തന്നെ ശരണം’: ജയിലില്‍ പ്രദര്‍ശിപ്പിച്ച മമ്മൂട്ടിയുടെ സിനിമ കാണാനും അനുവദിച്ചില്ല

single-img
17 July 2017

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപിന്റെ ആദ്യ അവധി ദിനത്തില്‍ ജയിലില്‍ പ്രദര്‍ശിപ്പിച്ചത് ‘ഗ്രേറ്റ് ഫാദര്‍’ എന്ന മമ്മൂട്ടി സിനിമ. എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പേരെ അധികൃതര്‍ സിനിമ കാണിച്ചില്ല. പ്രദര്‍ശനം നടക്കുമ്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് ഇവരെ സെല്ലില്‍ നിന്നും പുറത്തിറക്കാതിരുന്നത്.

എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ ജയിലില്‍ തടവുകാരെ സിനിമ കാണിക്കാറുണ്ട്. മിക്കവാറും തടവുകാര്‍ ദിലീപിന്റെ തമാശ ചിത്രങ്ങളാണ് ആവശ്യപ്പെടുക. ഇന്നലെ ദിലീപിന്റെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് നേരത്തെ ജയില്‍ ജീവനക്കാര്‍ തീരുമാനിച്ചിരുന്നു. രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു സിനിമാ പ്രദര്‍ശനം. ദിലീപ് കഴിയുന്ന രണ്ടാം സെല്ലിനു ചേര്‍ന്നുള്ള വരാന്തയിലാണു ടിവി വച്ചിരുന്നത്. സെല്ലില്‍ ദിലീപിന്റെ സഹതടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടിവിക്കു മുന്‍പില്‍ ഇരുന്നപ്പോള്‍ വായനയിലും ഉറക്കത്തിലുമായിരുന്നു നടന്‍.

ശനിയാഴ്ച വൈകിട്ട് ആലുവ സബ് ജയിലിലെത്തിയ ദിലീപ് രാത്രിയും ഇന്നലെ പകലുമായി ഉറങ്ങിയാണു സമയം തീര്‍ത്തത്. സഹതടവുകാര്‍ ഉറക്കത്തിനു തടസമുണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പോലീസ് കസ്റ്റഡിയില്‍ രാവും പകലും നീണ്ട ചോദ്യം ചെയ്യലിന്റെയും തെളിവെടുപ്പിന്റെയും ക്ഷീണത്തിലായിരുന്നു ദിലീപ്. ജയിലില്‍ മടങ്ങിയെത്തുന്നതിനു മുമ്പു തന്നെ സഹതടവുകാരന്‍ ഭക്ഷണം വാങ്ങി സൂക്ഷിച്ചിരുന്നു.

ഇതു കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന താരം ഇന്നലെ രാവിലെ ആറിന് ജയില്‍ ജീവനക്കാര്‍ സെല്ലില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും എഴുന്നേറ്റിരുന്നു. ജീവനക്കാര്‍ പോയ ഉടന്‍ വീണ്ടും കിടന്നു. സഹതടവുകാര്‍ കത്തിച്ച നാല് കൊതുകുതിരികളുടെ നടുവിലായിരുന്നു താരത്തിന്റെ ഉറക്കം. ഏഴരയ്ക്കു വീണ്ടുമുണര്‍ന്നു. കുളിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി സഹതടവുകാര്‍ സെല്ലിന് പുറത്തിറങ്ങുന്ന സമയമാണ് ദിലീപ് ഉണര്‍ന്നത്. ഉറക്കമുണരുമ്പോള്‍ സഹതടവുകാരുമായും ജയില്‍ ജീവനക്കാരുമായും സംസാരിക്കുന്നതിനും ദിലീപിന് മടിയൊന്നുമുണ്ടായില്ല. താരത്തിനു പ്രത്യേക പരിഗണനയൊന്നും ജയില്‍ അധികൃതര്‍ നല്‍കുന്നുമില്ല.