ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കുമോ?: ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

single-img
17 July 2017

നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അഡ്വക്കേറ്റ് രാംകുമാര്‍ മുഖേനയാണ് ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടാനാകുമെന്ന പ്രതീക്ഷയിലാണ് ദിലീപ്.

ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റ് നടന്നതെന്നും ജാമ്യം നിഷേധിക്കാന്‍ ഇത് മതിയായ കാരണമല്ലെന്ന വാദവും ഉന്നയിക്കും. കേസ് ഡയറി വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിക്കാനാണ് സാധ്യത.

ഈ സാഹചര്യം മുന്നില്‍ കണ്ട് കേസ് ഡയറിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നീക്കം. നിലവിലുള്ള തെളിവുകള്‍ക്ക് പുറമെ കൂടുതല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ മുദ്ര വെച്ച കവറില്‍ ആവശ്യമെങ്കില്‍ കോടതിയില്‍ നല്‍കും. നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പ്രോസിക്യൂഷന്‍ വാദിക്കും.