‘അഴി’ക്കുള്ളില്‍ ദിലീപിനെ കണ്ട് ബന്ധുക്കള്‍: 10 മിനിറ്റ് കൂടിക്കാഴ്ചയില്‍ ദിലീപ് പറഞ്ഞത് എന്തൊക്കെ?

single-img
17 July 2017

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ബന്ധുക്കള്‍ സന്ദര്‍ശിച്ചു. രാവിലെ 11 മണിയോടെ സഹോദരന്‍ അനൂപ്, ബന്ധുക്കളായ വെട്ടിങ്ക സുനില്‍, സുരാജ് എന്നിവരാണ് ആലുവ സബ്ജയിലിലെത്തി ദിലീപിനെ കണ്ടത്.

ദിലീപുമായി സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ 10 മിനിറ്റ് അനുവദിച്ചു. കുടുംബ കാര്യങ്ങളും കേസ് സംബന്ധിച്ച വിവരങ്ങളും സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗൂഢാലോചന കേസില്‍ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് അനൂപ് ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. റിമാന്‍ഡിലായ ദിലീപിന് ഒരാഴ്ചക്ക് ശേഷമാണ് ബന്ധുക്കളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. ഈ മാസം 25 വരെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ദിലീപിനെതിരെ ശക്തമായ ഗൂഢാലോചന നടന്നെന്നും അതിന്റെ ഫലമായാണ് കേസില്‍ അദ്ദേഹം പ്രതിയായതെന്നും നേരത്തെ അനൂപ് മാധ്യങ്ങളോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ കോടതിയില്‍ വെച്ച് കണ്ടപ്പോള്‍ ഈ അഭിമുഖത്തിന്റെ പേരില്‍ ദിലീപ് അനൂപിനോട് ദേഷ്യപ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.