ദിലീപ് അഴിക്കുള്ളില്‍ തന്നെ: ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി

single-img
17 July 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചെങ്കിലും കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്. കേസില്‍ വ്യാഴാഴ്ച്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

ഗൂഢാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലെന്നായിരുന്നു ജാമ്യഹര്‍ജിയിലെ പ്രധാന വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് വെളിപ്പെടുത്തിയ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദിലീപിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ദിലീപിന്റെ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. 19 തെളിവുകളില്‍ എട്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെടുത്തിയുള്ളതാണ്. അതിനാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നാണ് ജാമ്യപേക്ഷയിലെ വാദം.

അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.

ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ എതിര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസ് ഡയറിയുള്‍പ്പെടെയുള്ളവ ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം. ജാമ്യം ലഭിച്ചാല്‍ ഇരയായ നടിയെ അധിക്ഷേപിക്കാന്‍ വീണ്ടും ശ്രമിച്ചേക്കുമെന്നും പൊലീസ് വാദിക്കുന്നു. കൂടാതെ, സമൂഹമാധ്യമങ്ങളില്‍ നടന്ന ദിലീപ് അനുകൂല പ്രചരണം അദ്ദേഹത്തിന്റെ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു.