Featured

ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ എത്തുന്നവരുടെ എണ്ണം പെരുകുന്നു: ഇതിനു പിന്നില്‍ എന്ത്?


ന്യൂഡല്‍ഹി: സമൂഹത്തിന്റെ അവഗണനകള്‍ ഭയന്ന് മറ്റൊരിടം കണ്ടെത്തിയവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍. ഈ വിഭാഗത്തെ ഒറ്റപ്പെടുത്തി സമൂഹം പുച്ഛിക്കുമ്പോഴും ഇതിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സമൂഹത്തിന്റെ കടുത്ത എതിര്‍പ്പുകളെ പാടെ അവഗണിച്ച് കൂടുതല്‍ പേര്‍ ശസ്ത്രകിയക്ക് തയ്യാറായി ഇപ്പോള്‍ മുന്നോട്ട് കടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹി ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ കൂടി വരികയാണ്.

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഷത്തില്‍ ഒരു ലിംഗമാറ്റ ശസ്ത്രകിയയായിരുന്നു നടക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇത് മാസത്തില്‍ മൂന്നും നാലുമായി വര്‍ധിച്ചിരിക്കുകയാണ്. ഡല്‍ഹി ലോക് നായിക് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. പി.എസ് ഭണ്ഡാരിയാണ് ശസ്ത്രക്രിയയുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

നിലവില്‍ ആശുപത്രി രജിസ്റ്ററില്‍ ശസ്ത്രക്രിയക്കായി പേര് നല്‍കി കാത്തിരിക്കുന്നവര്‍ അഞ്ചുപേരാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഇത്തരത്തില്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നാണ് ഏറെ അതിശയിപ്പിക്കുന്നത്. രണ്ട് എഞ്ചിനീയര്‍ വിദ്യാര്‍ഥികളും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറാകാന്‍ മുന്നോട്ട് വന്ന ഇള എന്ന പെണ്‍കുട്ടിയുടെ കഥയാണ് ആശുപത്രി കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. രാജീവ് മേത്ത പറയുന്നത്.

നോയിഡ സ്വദേശിയായ ഇള ജനിച്ചത് പെണ്‍കുട്ടിയായാണ്. എന്നാല്‍ സ്ത്രീയുടേതായ ഒരു സ്വഭാവഗുണവും അവള്‍ ചെറുപ്പം തൊട്ട് പ്രകടിപ്പിച്ചിരുന്നില്ല. ഫ്രോക്കുകള്‍ ധരിക്കാനും പാവകുട്ടികളുമായി കളിക്കാനും അവള്‍ വൈമനസ്യം കാട്ടിയിരുന്നു. ഇതൊക്കെ ചെറുപ്പത്തിന്റെ വികൃതികളായിരിക്കാമെന്ന് കരുതിയ മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ തെറ്റി.

ആണ്‍മനസ്സാണെന്ന് പലപ്പോഴും അവള്‍ മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ അത് വിസമ്മതിച്ചു. ഒടുവില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ അവള്‍ ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രക്ഷിതാക്കള്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചിത്രങ്ങള്‍ വ്യക്തമാകുന്നത്. താന്‍ പെണ്‍ ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോയ ആണ്‍കുട്ടിയാണെന്ന് ഇള പറഞ്ഞു.

ഡോക്ടര്‍മാര്‍ പിന്നീട് അവളെ പൂര്‍ണ്ണമായി പരിശോധിച്ച് ലൈംഗികസത്വ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളോട് അവസ്ഥ വിവരിച്ച ഡോക്ടര്‍മാര്‍ പിന്നീട് രക്ഷിതാക്കളുടെ പൂര്‍ണ്ണപിന്തുണയോടെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടര്‍ന്ന് ഇള പുരുഷനായി മാറി. ഇത്തരത്തില്‍ ധാരാളം കേസുകള്‍ ആശുപത്രിയില്‍ എത്താറുണ്ടെന്നും കൗണ്‍സിലിങ്ങ് നടത്തി അഞ്ചാറു മാസങ്ങള്‍ക്കു ശേഷം ശസ്ത്രക്രിയ നടത്താറുണ്ടെന്നും രാജീവ് മേത്ത പറയുന്നു. ശസ്ത്രക്രിയക്ക് വന്‍ ചെലവു വരുമെന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ഇത്തരം ആളുകള്‍ സമീപിക്കുന്നതെന്നും ഡോ.രാജീവ് മേത്ത പറഞ്ഞു.