അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി: 10ലക്ഷം പേര്‍ ദുരിതത്തില്‍

single-img
17 July 2017


ഗുവാഹത്തി: അസമില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി. ഇന്നലെ വൈകുന്നേരം ഒരാള്‍ കൂടി മരിച്ചതോടെയാണ് വെളളപ്പൊക്ക ദുരിതത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നത്. മോറിഗാവ് ജില്ലയില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം ഒരാള്‍ മരിച്ചത്. തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം എട്ട് പേരാണ് മരിച്ചത്.

ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 21 ജില്ലകളിലായി 10ലക്ഷം പേര്‍ വെള്ളപ്പൊക്ക ദുരിതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 66,516 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാണ്. വിവിധയിടങ്ങളില്‍ റോഡുകള്‍, ചിറകള്‍, പാലങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നു. കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ 38 ശതമാനവും വെള്ളം നിറഞ്ഞിരിക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് കന്നുകാലികളടക്കം കൂട്ടത്തോടെ പലയിടങ്ങളില്‍ ചത്തുപൊങ്ങിയിട്ടുണ്ട്.

ആയിരത്തി അഞ്ഞൂറിലധികം ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അരലക്ഷത്തോളം ഹെക്ടര്‍ കൃഷിഭൂമി വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടുണ്ടെന്നും ദുരന്ത നിവാരണ സേനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ 280 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 23000ത്തോളം പേരാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളതെന്നാണ് വിവരം. ദുരിതം മറികടക്കാനായി സര്‍ക്കാര്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങളും വെള്ളവും മരുന്നും വിതരണം ചെയ്യുന്നുണ്ടെന്നും ദുരന്തനിവാരണ സേന വക്താക്കള്‍ അറിയിച്ചു.