നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ വിദേശത്തേയ്ക്ക് കടത്തിയതായി സൂചന;അന്വേഷണം ദിലീപിന്റെ വിദേശത്തുള്ള സുഹൃത്തുക്കളിലേക്കും

single-img
16 July 2017

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ വിദേശത്തേയ്ക്ക് കടത്തിയതായി പൊലീസ്. അന്വേഷണം ദിലീപിന്റെ വിദേശത്തുള്ള സുഹൃത്തുക്കളിലേക്കും നീങ്ങുന്നു. അവരെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. വിദേശത്ത് നിന്നും ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ശ്രമം നടത്തിയതായും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ വിദേശത്ത് പോയ ദിലീപിന്റെ സുഹൃത്തുക്കളെക്കുറിച്ച് പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തിവരികയാണ്.

ദിലീപുമായി അടുത്ത് ബന്ധമുള്ള യുഡിഎഫ് എംഎല്‍എ വരെ പൊലീസിന്റെ സംശയപരിധിയിലാണ്. ഇവരെയെല്ലാവരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇവരെല്ലാം ഏതു സാഹചര്യത്തിലാണ്, എന്ത് ആവശ്യത്തിനാണ് വിദേശ പര്യടനം നടത്തിയത് എന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. മൂന്നുമാസത്തിനിടെ വിദേശത്ത് പോയ ദിലീപുമായി അടുത്ത ബന്ധമുള്ളവരും സുഹൃത്തുക്കളും അടക്കം പൊലീസിന്റെ നിരീഷണത്തിലാണ്.

കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത്ര ദിവസമായിട്ടും ദൃശങ്ങളടങ്ങിയ ഫോണ്‍ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ പ്രതിസന്ധിയാണ്. ഇതിനിടെ ദിലീപിന്റെ വസതിയില്‍ റെയ്ഡ് നടത്തുന്നതിനിടെ, ദിലീപിന്റേതെന്ന് പറയപ്പെടുന്ന രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഫോണ്‍ വിദേശത്തേയ്ക്ക് കടത്തിയതിന്റെ ആത്മവിശ്വാസത്തിലാകാം ദിലീപ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. പള്‍സര്‍ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയ ഫോണ്‍, അദ്ദേഹം ദിലീപിന് കൈമാറിയിട്ടുണ്ടെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.