ചോദ്യം ചെയ്യലിന് പൊലീസ് ക്ലബ്ബിലെത്താന്‍ പറ്റില്ലെന്ന് കാവ്യ; പറയുന്നിടത്ത് വരാമെന്ന് പൊലീസ്

single-img
16 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇതിനായി ആലുവ പൊലീസ് ക്ലബ്ബിലെത്താന്‍ താരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ ചട്ടം 160 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ തനിക്ക് പൊലീസ് ക്ലബ്ബിലെത്താന്‍ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്.

നേരത്തേ ടെലിഫോണ്‍ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശാരീരികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കാവ്യ ഹാജരായിരുന്നില്ല. ഇതിനിടെ രഹസ്യകേന്ദ്രത്തില്‍ താരത്തിന്റെ മൊഴിയെടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ നോട്ടീസില്‍ തനിക്ക് മാധ്യമങ്ങളുടെ മുന്നില്‍ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിക്കുമെന്നും താരം വാദിച്ചിരുന്നു. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ വേണമെങ്കില്‍ തന്റെ മൊഴിയെടുക്കാമെന്നുമാണ് കാവ്യയുടെ നിലപാട്.

ഇതിനെ തുടര്‍ന്ന് കാവ്യ ആവശ്യപ്പെടുന്നിടത്ത് എത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു. ക്രിമിനല്‍ചട്ട പ്രകാരം സ്ത്രീകള്‍ മൊഴി നല്‍കാന്‍ എവിടെയെങ്കിലും ഹാജരാകാന്‍ പ്രയാസം അറിയിച്ചാല്‍ അവര്‍ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയേ ഇത്തരത്തില്‍ മൊഴിയെടുക്കാന്‍ കഴിയൂ. ഇതുപ്രകാരം ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.