പശുവിനെ കൊല്ലുന്നവര്‍ക്ക് 14 വര്‍ഷം ; മനുഷ്യനെ കൊന്നാല്‍ രണ്ടു വര്‍ഷം തടവ്

single-img
16 July 2017


ന്യൂഡല്‍ഹി : പശുവിന്റെ ജീവന്റെ വിലപോലും മനുഷ്യന്റെ ജീവന് കല്‍പ്പിക്കുന്നില്ലെന്ന നിയമത്തിലെ അപാകതകളെ ചൂണ്ടിക്കാട്ടി ഡല്‍ഹി കോടതി ജഡ്ജ്. പശുവിനെ കൊന്നാല്‍ പല സംസ്ഥാനങ്ങളിലും അഞ്ചു വര്‍ഷം, ഏഴുവര്‍ഷം, 14 വര്‍ഷം എന്നിങ്ങനെയാണ് തടവ് വിധിക്കുന്നത്. അതേയമയം മനുഷ്യനെ കൊല്ലുന്നവര്‍ക്ക് രണ്ടുവര്‍ഷം മാത്രമേ ശിക്ഷയുള്ളൂവെന്നും ഡല്‍ഹി അഡാഷണല്‍ സെഷന്‍ ജഡ്ജി സഞ്ജീവ്കുമാര്‍ ചൂണ്ടിക്കാട്ടി. ഈ സ്ഥിതി മാറുന്നതിനും നിയമഭേദഗതി വരുത്തുന്നതിനും കേസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും അതിനായി വിധിയുടെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് അയക്കാന്‍ ഒരുങ്ങുന്നതായും ജഡ്ജി സഞ്ജീവ് കുമാര്‍ പറഞ്ഞു.

ബി.എം.ഡബ്ല്യു കാര്‍ അപകടത്തില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികനെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ വ്യവസായിയുടെ മകന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ച ശേഷമായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. 30 കാരനായ ഉത്സവ് ഭാസിനാണ് ശിക്ഷ ലഭിച്ചത്. അപകടകരമായ ഡ്രൈവിങ്ങ്, അശ്രദ്ധ മൂലം അപകടം വരുത്തി, മനുഷ്യ ജീവന്‍ അപായപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഉത്സവിനെതിരെ ചുമത്തിയത്.

അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരവും പരിക്കേറ്റയാള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ കോടതി വിധിച്ചു. 2008 സെപ്തംബര്‍ 11ന് നടന്ന അപകടത്തില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായ അനൂജ് ചൗഹാന്‍ മരിക്കുകയും സുഹൃത്ത് മൃഗങ്ക് ശ്രീവാസ്തവക്ക് പരിക്കേല്‍കുയും ചെയ്തിരുന്നു.