കണ്ണൂരില്‍ നഴ്‌സുമാരുടെ സമരം നേരിടാന്‍ നടപടി; ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ലഭ്യമാക്കും

single-img
16 July 2017

കണ്ണൂര്‍: കണ്ണൂരില്‍ നഴ്‌സുമാരുടെ സമരം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി. സമരം കാരണം നഴ്‌സുമാരുടെ കുറവുള്ള സ്വകാര്യ ആശുപത്രികളില്‍ ജില്ലയിലെ നഴ്‌സിംഗ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിന്യസിക്കും. 150 വിദ്യാര്‍ത്ഥികളാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നായി എത്തിക്കുക. സമരം കാരണം നഴ്‌സുമാരുടെ കുറവ് ആശുപത്രികളെ ബാധിക്കാതിരിക്കാന്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

പനി പടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിദ്യാര്‍ഥികളെ ആശുപത്രികളിലേക്ക് അയക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ദിവസം 150 രൂപ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യം നല്‍കണം. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. നഴ്‌സുമാര്‍ സമരം നടത്തുന്ന ആശുപത്രികള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപ ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 17000 രൂപ വരെ നല്‍കണമെന്ന് തീരുമാനമായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
സമരം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ജില്ലയില്‍ ജനകീയ സമിതിരൂപീകരിക്കാനും ജനകീയ മാര്‍ച്ചിനും ഐ.എന്‍.എ തീരുമാനിച്ചിരിക്കെയാണ് ഈ നടപടി. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും സമരം നിര്‍ത്തിവെച്ച് ചര്‍ച്ചക്കില്ലെന്ന നിലപാടായിരുന്നു ഐ.എന്‍.എ എടുത്തിരുന്നത്.