ദിലീപിന്റെ “ഇമേജ്” തിരികെപ്പിടിക്കാനുള്ള പ്രചാരണ ചുമതല ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണചുമതല വഹിക്കുന്ന പിആര്‍ ഏജന്‍സി? പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം തെളിവുകള്‍ ശേഖരിച്ച് തുടങ്ങി.

single-img
16 July 2017

 


നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രചാരണചുമതല വഹിക്കുന്ന പിആര്‍ ഏജന്‍സിയെന്ന് സൂചന.കൊച്ചി ആസ്ഥാനമായ ഈ ഏജന്‍സിയെ ലക്ഷങ്ങള്‍ കൊടുത്താണ് ഏര്‍പ്പാടാക്കിയതെന്നാണ് വിവരം.ദിലീപിനായി സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരണം നടത്തുന്ന പബ്ലിക്ക് റിലേഷന്‍ സ്ഥാപനത്തിനെതിരെ പൊലീസ് നടപടി ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിയമോപദേശം പൊലീസ് തേടിയതായാണ് സൂചന. പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം തെളിവുകള്‍ ശേഖരിച്ച് തുടങ്ങി.

കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണു ക്രിമിനൽ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ചു പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമമുണ്ടായത്. മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വഷണസംഘത്തിനു വിവരം ലഭിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്‌ക്ക് നിയമസഹായം നൽകിയ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനായി ഉടൻ കസ്‌റ്റഡിയിലെടുക്കും. ഒളിവിൽ പോയ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കണ്ടെത്താനുള്ള തിരച്ചിലും അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് നടൻ ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇവരെക്കൂടി കസ്‌റ്റഡിയിലെടുക്കുന്നത്.സുനിയെ പ്രതീഷ് ചാക്കോയ്ക്ക് പരിചയപ്പെടുത്തിയത് ദിലീപ് ആണെന്നാണ് പോലീസ് പറയുന്നത്.

ദിലീപിനെയും അപ്പുണ്ണിയേയും പോലീസ് ഒരുമ്മിച്ച് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം കൃത്യം നടത്തിയതിനുശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് സംശയം.