ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ആലുവ റൂറല്‍ എസ്പി: ‘വിമര്‍ശനങ്ങള്‍ ഗൗനിക്കുന്നില്ല’

single-img
15 July 2017

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുവെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. അന്വേഷണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ ഗൗനിക്കുന്നില്ലെന്നും എ.വി. ജോര്‍ജ് പറഞ്ഞു.

ദിലീപ് ചോദ്യങ്ങളോടു സഹകരിക്കുന്നില്ലെന്നും ദൃശ്യങ്ങളടങ്ങിയ ഫോണിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു തമാശ കലർന്ന മറുപടിയാണു നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന നിലപാടാണ് ആദ്യം മുതൽ ദിലീപ് സ്വീകരിക്കുന്നത്. പൾസർ സുനിയുമായി ബന്ധമില്ലെന്നും അയാളെ അറിയില്ലെന്നുമാണു ദിലീപ് പറയുന്നത്.

അതേസമയം കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായ കേസ് ഡയറി അന്വേഷണസംഘം സമര്‍പിച്ചു. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡയറി ഹാജരാക്കിയത്. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തിന്റെ നടപടി.