സെന്‍കുമാര്‍ ഊരാക്കുടുക്കിലേക്ക്: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയത് മോശം പരാമര്‍ശങ്ങള്‍

single-img
15 July 2017

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സമകാലിക മലയാളം അഭിമുഖത്തിനിടെയാണ് സെന്‍കുമാറിന്റെ മോശം പരാമര്‍ശം ഉണ്ടായത്. സെന്‍കുമാറിന്റെ മതവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് നല്‍കിയ വിശദീകരണത്തില്‍ സമകാലിക മലയാളം പത്രാധിപര്‍ സജി ജയിംസ് ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അഭിമുഖം നടക്കുന്നതിനിടെ വന്ന ഒരു ഫോണ്‍ കോളിലാണ് സെന്‍കുമാര്‍ നടിയെക്കുറിച്ച് മോശമായി സംസാരിക്കുന്നത്. കേരളത്തിലെ സ്ത്രീ പീഡന പരാതിക്കാരില്‍ 25 ശതമാനവും കള്ളികളാണെന്നും സെന്‍ കുമാര്‍ പറഞ്ഞിട്ടുണ്ട്. നടിയെ രൂക്ഷമായി അപമാനിക്കുന്ന വാക്കുകളാണ് സെന്‍കുമാര്‍ സംഭാഷണത്തില്‍ ഉപയോഗിക്കുന്നത്. ഇത് ലേഖകനോട് പറയാത്ത കാര്യമായതിനാലാണ് വാരിക പ്രസിദ്ധീകരിക്കാതിരുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു.

സംഭാഷണം പുറത്തുവന്നാല്‍ സെന്‍കുമാറിന്റെ മുഖംമുടി അഴിയും. ഈ സംഭാഷണവും അഭിമുഖം റെക്കോര്‍ഡ് ചെയ്തതിനൊപ്പമുണ്ടെന്നും അത് തെളിവായി സമര്‍പ്പിക്കാമെന്നും പത്രാധിപര്‍ പറയുന്നു. സെന്‍കുമാറിന്റെ അറിവോടെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തതെന്നും ആ സമയം മറ്റൊരു മാധ്യമപ്രവര്‍ത്തകനും അവിടെയുണ്ടായിരുന്നുവെന്നും സജി ജയിംസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ചതിന് തൊട്ടടുത്ത ദിവസമാണ് സെന്‍കുമാര്‍ വാരികയ്ക്ക് അഭിമുഖം നല്‍കിയത്. അഭിമുഖത്തിലെ പലപരാമര്‍ശങ്ങളും വിവാദമായിരുന്നു. അഭിമുഖത്തിലെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. അഭിമുഖം പ്രസിദ്ധീകരിച്ചതിന് വാരികയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയിരുന്നു. ഇതിനെതിരെ ചില സംഘടനകളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 ഉം മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്.

54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും. ഇതായിരുന്നു സെന്‍കുമാറിന്റെ വിവാദമായ പ്രസ്താവന. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സെന്‍കുമാര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.