വര്‍ഗീയ പരാമര്‍ശത്തില്‍ സെന്‍കുമാര്‍ കുടുങ്ങി: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

single-img
15 July 2017

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ അഭിമുഖം നല്‍കിയതിന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെയും വാരികയുടെ പ്രസാധകനെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ‘സമകാലിക മലയാളം’ വാരികയിലും തുടര്‍ന്ന് മാധ്യമങ്ങളിലൂടെയും നടത്തിയ പ്രസ്താവനകള്‍ ഗുരുതരമാണെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍നായര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന് രാത്രിയോടുകൂടി നിയമോപദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രത്യേക മതവിഭാഗത്തിനെതിരെ ടി പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സെന്‍കുമാറിനെതിരെ 6 പരാതികളാണ് പൊലീസ് മേധാവിക്ക് കിട്ടിയത്. തുടര്‍ന്ന് സെന്‍കുമാറിനെതിരെ കേസ്സെടുക്കുന്നതിന്റെ സാധ്യതകളാരാഞ്ഞ് പൊലീസ് മേധാവി നിയമോപദേശം തേടി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമനം 153(എ), ഐടി നിയമം എന്നിവ പ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശം.

സെന്‍കുമാര്‍, അഭിമുഖം തയ്യാറാക്കിയ ലേഖകന്‍, എഡിറ്റര്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയാകും തുടര്‍ നടപടികള്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് അഭിമുഖമെന്ന് കാട്ടി സെന്‍കുമാര്‍ നേരത്തെ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പത്രാധിപര്‍ക്ക് കത്തയച്ചിരുന്നു. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് വാരികയുടെ പത്രാധിപര്‍ സജി ജയിംസ് വെള്ളിയാഴ്ച ഡി.ജി.പിക്ക് വിശദീകരണം നല്‍കി.

അഭിമുഖം തയാറാക്കിയ ലേഖകന്റെ വിശദീകരണമാണ് പത്രാധിപര്‍ കൈമാറിയത്. ലേഖകനോട് സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അഭിമുഖത്തിലുള്ളൂവെന്നും ഇതുസംബന്ധിച്ച ഫോണ്‍ റെക്കോഡുകള്‍ പരിശോധിക്കാമെന്നും സജി ജയിംസ് ഡി.ജി.പിയെ അറിയിച്ചു. അഭിമുഖത്തിനിടെ തനിക്കുവന്ന ഫോണ്‍ കോളില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറയാത്ത കാര്യമല്ലാത്തതിനാല്‍ അത് വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.