സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞ വീട്ടുജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാം

single-img
15 July 2017

സൗദിയില്‍ വീട്ടു ജോലിക്കാരുടെ ഇഖാമ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം സ്‌പോണ്‍സര്‍ പുതുക്കിയില്ലെങ്കില്‍ അവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാം. ഇതിന് നിയമം അനുവദിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സൗദി തൊഴില്‍ വിപണിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.

പതിമൂന്ന് സാഹചര്യങ്ങളിലാണ് വീട്ടുജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സൗദി തൊഴില്‍ നിയമം അനുവദിക്കുന്നത്. തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസിന്റെ അനുമതിയോടെയാണ് അടുത്തിടെ പുതിയ നിയമാവലി പുറത്തിറക്കിയത്. തൊഴിലാളികളുടെ ശമ്പളം മൂന്ന് മാസം വൈകിയാലും മറ്റൊരു സ്‌പോണ്‍സറിലേക്ക് അവര്‍ക്ക് തൊഴില്‍ മാറാന്‍ സാധിക്കും.

അതേസമയം വീട്ടുജോലിക്കാരുടെ ഗണത്തില്‍ വരുന്ന വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്കും ഈ ആനുകൂല്യം ബാധകമാണ്. കമ്പനികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും കീഴിലുള്ളവര്‍ക്ക് ബാധകമായിരുന്ന നിയമം ഇപ്പോള്‍ വീട്ടുവേലക്കാര്‍ക്കുകൂടി അനുവദിക്കുകയായിരുന്നു.