അനധികൃത സാമ്പത്തിക ഇടപാടുകള്‍: അന്വേഷണം കൂടുതല്‍ താരങ്ങളിലേയ്ക്ക്

single-img
15 July 2017

തിരുവനന്തപുരം: മലയാള സിനിമയിലെ അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം കൂടുതല്‍ അഭിനേതാക്കളിലേയ്ക്ക്.
താരങ്ങളുടെ സ്വത്തു വിവരങ്ങളും വിദേശസാമ്പത്തിക ഇടപാടുകളും കേന്ദ്ര അന്വേഷന ഏജന്‍സികള്‍ അന്വേഷിച്ചു തുടങ്ങി. കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. താരങ്ങളുടെ പഴയ സ്വത്തു വിവരങ്ങളും പുതുതായി ലഭിച്ച വിവരങ്ങളും വെച്ചാണ് അന്വേഷണം നടത്തുന്നത്.

മലയാള ചലച്ചിത്ര ലോകത്തെ ചില പ്രമുഖരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മൂന്നു വര്‍ഷം മുന്‍പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയില്ല. പല താരങ്ങളുടെയും നിക്ഷേപം ഗള്‍ഫ് മേഖലകളിലാണ്. സിനിമ മേഖലകളില്‍ നിന്ന് തന്നെ ലഭിച്ച ചില നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഗള്‍ഫ് മേഖലയില്‍ അന്വേഷണം നടത്തിയിരുന്നു.

വിദേശത്തെ അന്വേഷണത്തിനുശേഷം കൊച്ചി കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിരിക്കുന്നതായാണ് സൂചന. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകളുടെ ഫയലുകളും പരിശോധിച്ചു തുടങ്ങി. പള്‍സര്‍ സുനി സാമ്പത്തിക ഇടപാടുകളിലെ ചെറിയ കണ്ണി മാത്രമാണെന്നാണ് ഏജന്‍സികളുടെ അനുമാനം. സുനിയുടെ ഇടപാടുകള്‍ അന്വേഷിച്ചു വരികയാണ്.

എന്നാല്‍, മറുവശത്ത് പ്രതീക്ഷിക്കാത്ത ചിലരുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ഗള്‍ഫിലേതടക്കം സുനിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് തീരുമാനം. സുനിയെ മനുഷ്യക്കടത്തുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.