ദിലീപിന് ജാമ്യം കിട്ടുമോ?

single-img
15 July 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. വൈകിട്ട് കസ്റ്റഡി കാലാവധി അവസാനിച്ചതിനു ശേഷമായിരിക്കും ദിലീപിനെ കോടതിയില്‍ ഹാജരാക്കുക. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യുന്ന നടപടി അന്വേഷണ സംഘം തുടരുകയാണ്. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപുള്ളത്. കേസിലെ പ്രധാന തൊണ്ടിമുതലായ നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പള്‍സര്‍ സുനിയുടെ മുന്‍അഭിഭാഷകനായ പ്രതീഷ് ചാക്കോ മൊബൈല്‍ ഫോണ്‍ ദിലീപിന് കൈമാറിയെന്നാണ് പൊലീസ് വാദം. പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ദിലീപിന്റെ സന്തത സഹചാരികളായ പലപ്രമുഖ വ്യക്തികളെയും ചോദ്യം ചെയ്യാനും നീക്കമുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ നിലവിലെ സാഹചര്യത്തില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈക്കോടതി അവധിയായതിനാല്‍ തിങ്കളാഴ്ചയാകും ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

രണ്ട് ദിവസത്തെ കാലാവധി കഴിഞ്ഞ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്വേഷണം തുടരാനായി കൂടുതല്‍ സമയം വേണമെന്ന പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കസ്റ്റഡി ഇന്ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടിയത്. അന്വേഷണം വ്യാപിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍.

ദിലീപിന് ജാമ്യം നല്‍കിയാല്‍ നടിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി അപമാനിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും അതിനുള്ള തെളിവുകളും ബോധ്യപ്പെടാന്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ തയാറാണെന്നു പ്രോസിക്യൂഷന്‍ ഇന്നലെ അറിയിച്ചിരുന്നു.

അതേ സമയം ദിലീപിനെതിരെ പ്രാഥമികമായ തെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളില്ലാത്തതിനാലാണ് മാപ്പുസാക്ഷികളെ ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു.