ജാമ്യത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ ‘എടുത്തിട്ടത്’ ദിലീപിന്റെ പഴയ അഭിമുഖം

single-img
15 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍, പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചത് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യമാണ്. “സാധാരണ ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ട സ്ത്രീകള്‍ ഒന്നുകില്‍ മിണ്ടാതിരിക്കും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. ഭാഗ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായില്ലല്ലോ?”.

ഇക്കാര്യമാണ് പ്രോസിക്യൂഷന്‍ വാദ മധ്യേ ചൂണ്ടിക്കാട്ടിയത്. ഈ കേസില്‍ പ്രതിയായ ദിലീപ്, നേരത്തെ ഇത്തരം പ്രതികരണം നടത്തിയതിന്റെ ഉദ്ദേശ്യമെന്താണെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. ദിലീപ് അഭിമുഖങ്ങളില്‍ പറഞ്ഞ ഈ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം പ്രതിയുടെ സ്വാധീനം മൂലമാണ്. ദിലീപിനായും സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നു. കസ്റ്റഡിയില്‍ ഉളളപ്പോള്‍ ഇങ്ങനെയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകും സ്ഥിതി എന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ചോദിച്ചു.

അതേസമയം, ദിലീപിന് ജാമ്യം നല്‍കണമെന്ന് അഡ്വ.രാംകുമാര്‍ ആവശ്യപ്പെട്ടു. ദിലീപിനെതിരെ ഒന്നാം പ്രതിയായ കൊടുംക്രിമിനലിന്റെ മൊഴി മാത്രമാണുള്ളത്. കൃത്യമായ തെളിവുകളില്ല. ക്രിമിനലിന്റെ മൊഴി വിശ്വസിച്ചാണ് പോലീസ് മുന്നോട്ടുപോകുന്നത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുത്.

ജയിലില്‍ നിന്ന് അയച്ച കത്തില്‍ കാറിന്റെ നമ്പര്‍ എന്ന് പറയുന്നതില്‍ കാര്യമില്ല. റിമാന്‍ഡ് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും കളവാണ്. 2013 മുതല്‍ 2016 വരെ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. അന്ന് അബാദ് പ്ലാസയില്‍ ദിലീപ് മാത്രമല്ല ഉണ്ടായിരുന്നത്.

ഹോട്ടലില്‍ ഒരു മുറി ദിലീപ് എടുത്തു എന്നതിന് എന്താണ് തെറ്റ്. മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും രാംകുമാര്‍ പറഞ്ഞു. ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ അത് പ്രതിയുടെ ചുമതലയല്ല, പോലീസിന്റെ ജോലിയാണെന്നും അഡ്വ.രാംകുമാര്‍ പറഞ്ഞു.

ഇതോടൊപ്പം, രണ്ടു ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് ഇവ നല്‍കിയത്. ദിലീപ് ഉപയോഗിച്ച ഫോണുകളാണിവ. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.