അനുജനോട് പൊട്ടിത്തെറിച്ച് ദിലീപ്: ‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍’

single-img
15 July 2017

ആലുവ: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ചാനലുകളോട് തന്നെ അനുകൂലിച്ച് പ്രതികരിച്ച സഹോദരന്‍ അനൂപിന് ദിലീപിന്റെ ശകാരം. ചാനലുകാരോട് ആവശ്യമില്ലാത്തത് എന്തിനാണ് പറഞ്ഞതെന്നും ഇപ്പോള്‍ തന്നെ പ്രശ്‌നമാണ് അതിന്റെ കൂടെയാണ് ഇതെന്നും ദിലീപ് പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ സഹോദരനെ ദിലീപ് ശാസിച്ചത്.

കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് ദിലീപ് അനൂപിനെ കണ്ടത്. ‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതുമെന്ന് പറഞ്ഞ് അനുജനോട് ദിലീപ് ക്ഷുഭിതനായി. പിന്നീട് മൗനം പാലിച്ച് ദിലീപ് മുന്നോട്ട് നടക്കുകയും ചെയ്തു.

ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ദിലീപ് പൊലീസിനുമുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ല. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും. അനാവശ്യ ആക്ഷേപങ്ങള്‍ കേട്ട് മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞിരുന്നു.