ഭരണ പ്രതിപക്ഷ സമ്മര്‍ദം ശക്തം: നടിയെ ആക്രമിച്ച കേസ് ഉന്നതങ്ങളിലേക്കു നീങ്ങില്ല

single-img
15 July 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച ഗൂഢാലോചന കേസിന്റെ അന്വേഷണം ഉന്നത തലങ്ങളിലേക്കു നീങ്ങാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇന്നു പ്രത്യേക അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തും. പ്രത്യേക അന്വേഷണസംഘത്തിലെ ഐജി ദിനേന്ദ്ര കശ്യപ് അടക്കമുള്ളവരുമായി സംസ്ഥാന പോലീസ് മേധാവി ഇന്നു കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എമാര്‍ അടക്കം ഇരു മുന്നണികളിലെയും രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നതിനിടയിലാണു ഉന്നതതല രാഷ്ട്രീയ സമ്മര്‍ദം ശക്തമാകുന്നത്. ഭരണ പ്രതിപക്ഷ സമ്മര്‍ദം ശക്തമായതോടെ എംഎല്‍എമാരെ തത്കാലം ചോദ്യം ചെയ്യേണ്ടെന്നാണു പ്രത്യേക അന്വേഷണ സംഘത്തിനു മുകളില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശം.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എംഎല്‍എമാരടക്കമുള്ളവരുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇവരില്‍ ചിലരുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ദിലീപ് മൊഴി നല്‍കിയതായാണു സൂചന.

എന്നാല്‍, കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം നടിക്കെതിരെ ദിലീപിനു ദേഷ്യമുണ്ടാകാനുള്ള കാരണങ്ങളിലുള്ള അന്വേഷണം തുടരും. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അടക്കമുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്. ഈ കേസില്‍ ആരോപണവിധേയരായ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതു തുടരുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

എന്നാല്‍ കേസുമായി ബന്ധപ്പെട്ടു ദിലീപിനെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവ് പോലീസിനു ലഭിച്ചിരുന്നില്ല. ചോദ്യ ചെയ്യലില്‍ ദിലീപ് സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലെ രാത്രിയിലെ ചോദ്യം ചെയ്യലില്‍ നടിയെ ആക്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ അടക്കമുള്ളവരുടെ മൊഴി പോലീസ് എടുത്തെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.