Kerala

ദിലീപിനെ പിന്തുണച്ച് നടന്‍ ഹരിശ്രീ അശോകന്‍: ‘എനിക്കറിയാവുന്ന ദിലീപ് അങ്ങിനെയൊന്നും ചെയ്യില്ല’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് നടന്‍ ഹരിശ്രീ അശോകനും രംഗത്ത്. എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സത്യം പുറത്തു വരട്ടെയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമായാണ് അശോകന്‍ പ്രതികരിക്കുന്നത്.

ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തെളിവുകളുണ്ടെന്ന് പറയുന്നതല്ലാതെ എന്ത് തെളിവെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഇപ്പോള്‍ പഴിക്കാനാകുക. പോലീസ് അന്വേഷിക്കട്ടെ. കോടതിയുടെ തീരുമാനം വരട്ടെ. നിരപരാധിയാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ലെന്ന് തന്നെയാണ് കരുതുന്നതെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

എന്നെ സിനിമയില്‍ ആരും ഒതുക്കിയിട്ടില്ല. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നിരവധി സംവിധായകരും സിനിമ പ്രവര്‍ത്തകരും ദിലീപ് തങ്ങളെ ഒതുക്കിയെന്ന ആരോപണവുമായി എത്തി. എന്നെ ആരും ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഇത് സംബന്ധിച്ചും എനിക്ക് അറിവില്ലെന്നും ഹരിശ്രീ അശോകന്‍ വ്യക്തമാക്കി. ഒരാള്‍ കുഴിയില്‍ വീഴുമ്പോള്‍ അയാളെ ചവിട്ടുന്നത് ഒരു രീതിയാണല്ലോ.

അതാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഞാന്‍ ചാനല്‍ ചര്‍ച്ച കാണുന്നയാളോ സോഷ്യല്‍ മീഡിയയില്‍ സജീവമായയാളോ അല്ല. ഞാന്‍ എനിക്കറിയാവുന്ന പണി ചെയ്യുന്നു ജീവിക്കുന്നു അത്രയേയുള്ളൂ. എനിക്ക് എന്റേതായ ദുഃഖങ്ങളും പ്രാരാബ്ദങ്ങളും ഏറെയുണ്ട്. അതൊക്കെ നോക്കി പോവുകയാണ്. ദിലീപിന്റെ അനുജനേയും അമ്മയേയുമൊക്കെ എനിക്ക് അടുത്തറിയാം.

അവരുമായും നല്ല അടുപ്പമാണ്. ദിലീപ് എന്റെ നല്ല സുഹൃത്താണ്. എന്നു കരുതി എല്ലാം എന്നോട് പറയണമെന്നില്ലല്ലോ. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ കാണും. അതുകൊണ്ട് ആ വിഷയത്തില്‍ ഞാന്‍ സംസാരിക്കുന്നത് ശരിയല്ല. കേസിന്റെ എല്ലാ വശങ്ങളും പുറത്തു വരട്ടെ അപ്പോള്‍ സംസാരിക്കാമെന്നും അശോകന്‍ പറഞ്ഞു.