നടന്‍ ശ്രീനാഥിനെ കൊന്നതോ? കേസ് ഫയലുകളും അപ്രത്യക്ഷം; കൊലപാതകമെന്ന് അന്ന് തിലകന്‍ പറഞ്ഞത് സത്യമോ?

single-img
14 July 2017

നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള ഫയല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാതായതായി റിപ്പോര്‍ട്ട്. ശ്രീനാഥിന്റെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് ഭാര്യ ലത രംഗത്ത് വന്നതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട ഫയല്‍ പോലും പോലീസിന്റെ കയ്യിലില്ലെന്ന് വ്യക്തമാകുന്നത്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണം സംബന്ധിച്ചുളള രേഖകള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും അന്വേഷിച്ച് കണ്ടെത്തുന്നതനുസരിച്ച് നല്‍കാമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

2010 ഏപ്രില്‍ 23 ന് കോതമംഗലം മരിയ ഹോട്ടലിലെ 102ആം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വന്ന ശ്രീനാഥ് വ്യക്തിപരമായ കാരണങ്ങളാല്‍ ജീവനൊടുക്കിയെന്ന് ആയിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും കേസ് നാലുമാസംകൊണ്ട് അവസാനിച്ചു. കേസില്‍ ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുമ്പോഴും മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഇതു തന്നെയാണ് പറയുന്നതെന്നുമായിരുന്നു പോലീസിന്റെ വാദം.

എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ ആരോപിച്ചിരുന്നു. താരസംഘടനയായ അമ്മയില്‍ അംഗമല്ലാതിരുന്നതിനാല്‍ ശ്രീനാഥിന് സിനിമയില്‍ റോള്‍ കിട്ടിയില്ലെന്ന് അന്ന് ആരോപണമുണ്ടായിരുന്നു.

ശിക്കാറില്‍ അഭിനയിക്കാനാണ് 41 ദിവസത്തെ ഡേറ്റില്‍ ശ്രീനാഥ് ഏപ്രില്‍ 17 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു പോയതെന്ന് ഭാര്യ ലത പറയുന്നു. 21നു വൈകിട്ടു ഫോണില്‍ സംസാരിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണില്‍ ലഭിച്ചില്ല. പിന്നീടറിഞ്ഞത് മരണവാര്‍ത്തയാണ്. റോളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വാഗ്ദാനം ചെയ്ത പണം കിട്ടാതെ മുറി ഒഴിയില്ലെന്നു ശ്രീനാഥ് നിലപാടെടുത്തെന്നും മുറിവാടക പോലും നല്‍കില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായി ഹോട്ടല്‍ മാനേജരെ അറിയിച്ചതായി അഭ്യൂഹമുണ്ടെന്നും പറഞ്ഞത് അദ്ദേഹമാണ്.

മരണം നടന്ന അന്നു പുലര്‍ച്ചെ ആരൊക്കെയോ മുറിയിലെത്തി ശ്രീനാഥിനെ മര്‍ദിച്ചതായും കേട്ടിരുന്നു. പണത്തിനായി ശ്രീനാഥ് ബഹളമുണ്ടാക്കാനുള്ള സാധ്യത കുറവാണ്. മൃതദേഹം തൊട്ടടുത്ത ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലാണു കൊണ്ടുപോയത്. ഇതും സംശയത്തിനു കാരണമാണ്. ശ്രീനാഥിന്റെ അനുസ്മരണദിനത്തില്‍ നടന്‍ തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കുമ്പോള്‍ സംശയത്തിന്റെ ഒട്ടേറെ മുനകളാണ് ഉയരുന്നതെന്നും ലത ശ്രീനാഥ് പറഞ്ഞു.