കര്‍ണാടക സര്‍ക്കാരിനെതിരെ ഭീഷണി മുഴക്കി യെദ്യൂരപ്പ: ‘ആര്‍എസ്എസ് നേതാവിനെ അറസ്റ്റു ചെയ്താല്‍ കര്‍ണാടക കത്തും’

single-img
14 July 2017

ബംഗലൂരു: ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്താല്‍ കര്‍ണാടക കത്തുമെന്ന് സര്‍ക്കാരിന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ ഭീഷണി. വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യെദ്യൂരപ്പയുടെ ഭീഷണി.

ഭട്ടിനെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏതെങ്കിലും കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നും പ്രതിഷേധത്തിന്റെ തീയില്‍ സംസ്ഥാനം മുഴുവന്‍ ആളിക്കത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭട്ടിനെ അറസ്റ്റ് ചെയ്യുന്നതു മൂലമുണ്ടാകുന്ന എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദിയായിരിക്കും. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത് മാഡിവാലയുടെ സംസ്‌കാര ഘോഷയാത്രയില്‍ പങ്കെടുത്ത് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരിലാണ് ഭട്ടിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ദക്ഷിണ കര്‍ണാടകയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ കുറ്റപ്പെടുത്തിയ യെദിയൂരപ്പ, പോലീസിന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും ആരോപിച്ചു.

2015ല്‍ നടത്തിയ പ്രകോപനപരമായ ഒരു പ്രഭാഷണത്തിന്റെ പേരില്‍ ഭട്ടിനെതിരായി കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി തടഞ്ഞുകൊണ്ട് അടുത്തിടെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.