‘പള്‍സറിനെ അറിയില്ല; നൂറ് തവണ ചോദിച്ചാലും ഇതു തന്നെയേ പറയാനുള്ളൂ’: സിനിമാ ഡയലോഗുമായി ദിലീപ്

single-img
14 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ നടന്‍ ദിലീപ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നൂറ് തവണ ചോദ്യം ചെയ്താലും ഇതു തന്നെയേ പറയാനുള്ളൂവെന്നുമാണ് നിലവില്‍ പോലീസ് കസ്റ്റഡിയില്‍ തുടരുന്ന താരം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും സുനിയെ കണ്ടിട്ടില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദിലീപ്. എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് മൗനം പാലിക്കുകയാണ്. ജോര്‍ജേട്ടന്‍സ് പുരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയത് ഉള്‍പ്പെടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു.

കേസിലെ പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്നും മെമ്മറി കാര്‍ഡിന്റെ കോപ്പി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഒറിജിനല്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയതോടെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള പോലീസിന്റെ നീക്കവും പാളി. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇന്ന് താരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.