പള്‍സര്‍ അത്ര നിസാരക്കാരനല്ല: കുഴല്‍പ്പണ റാക്കറ്റിന്റെ കണ്ണി, ഒപ്പം മനുഷ്യക്കടത്തും

single-img
14 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ റാക്കറ്റിന്റെ കണ്ണിയെന്നു സൂചന. ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കള്ളപ്പണം എത്തിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനി ഇതിനുള്ള സൗകര്യത്തിനാണു നിര്‍മാണക്കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്.

മാത്രമല്ല കുഴല്‍പ്പണം കടത്തുന്നവരില്‍ നിന്നും പണം തട്ടിയെടുക്കാനായി സുനിയുടെ നേതൃത്വത്തില്‍ ഒരു ഗുണ്ടാസംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസിന്റെ നിഗമനം. 2014 മേയില്‍ പാലായ്ക്കു സമീപം കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ നാലുലക്ഷം രൂപയുടെ നോട്ടുകള്‍ മുഖത്തു മുളകു സ്‌പ്രേ അടിച്ചു കവര്‍ന്ന കേസില്‍ സുനി പിടികിട്ടാപ്പുള്ളിയായിരുന്നു.

മുന്‍നിര താരങ്ങളുമായും സാങ്കേതിക വിദഗ്ധരുമായും മറ്റു ഡ്രൈവര്‍മാര്‍ക്കില്ലാത്ത അടുപ്പം സുനിയുണ്ടാക്കിയതും കള്ളപ്പണ ഇടപാടിലൂടെ ആവാമെന്നു പൊലീസ് കരുതുന്നു. മൂന്നു പേരുകളില്‍ ഇയാള്‍ക്കു വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതാണ് ഹവാല ഇടപാടുകളിലേക്കും ദുബായ് ബന്ധങ്ങളിലേക്കും സൂചന നല്‍കുന്നത്. വ്യാജ പാസ്‌പോര്‍ട്ടുകളില്‍ 2013, 2014 വര്‍ഷങ്ങളില്‍ പല തവണ സുനി ദുബായിലെത്തിയതിനു തെളിവുണ്ട്.

നടിയോട് അതിക്രമം കാണിച്ച കേസില്‍ സുനി വിദേശത്തേക്കു കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരുകളില്‍ പാസ്‌പോര്‍ട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്. മാത്രമല്ല പെണ്‍വാണിഭ സംഘങ്ങള്‍ക്കുവേണ്ടി മലയാളി യുവതികളെ വിദേശത്തേക്കു കടത്തിയ മനുഷ്യക്കടത്തു കേസില്‍ ദുബായ് പൊലീസ് തെരയുന്ന സുനില്‍ സുരേന്ദ്രനും പള്‍സര്‍ സുനിയും ഒരാളാണെന്ന സംശയവും പൊലീസ് അന്വേഷിക്കുകയാണ്.

2013ല്‍ സുനിയെ ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടത്താന്‍ രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ക്വട്ടേഷന്‍ നിലനില്‍ക്കുന്നതായി ദിലീപ് അറിയിച്ചതോടെയാണ് നടിയെ ഉപദ്രവിച്ചത്. സുനി ജയിലിനുള്ളില്‍നിന്നു ദിലീപിനു കൊടുത്തുവിട്ട കത്തിലെ ഒരു വാചകം ഇങ്ങനെയാണ് ”സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല…”. നടിയെ ആക്രമിക്കുന്നതിനുള്ള ക്വട്ടേഷനു പുറമെ മറ്റു ചില ഇടപാടുകള്‍ കൂടി ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നതിന്റെ സൂചനയാണിതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.